തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 700 സി.എൻ.ജി. ബസുകൾ വാങ്ങാനുള്ള തീരുമാനത്തിനെതിരേ ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെ.എസ്.ആർ.ടി.സിയെ സാവകാശം ഇല്ലാതാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്നാണ് ബിഎംഎസിന്റേയും എഐടിയുസിയുടേയും ആരോപണം. സിഎൻജി വില തുടർച്ചയായി വർധിക്കുന്നതിനാൽ ഇത്തരം ബസുകൾ ഭാവിയിൽ ലാഭകരമാകില്ലെന്നും യൂണിയനുകൾ അഭിപ്രായപ്പെടുന്നു.
നിലവിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ദീർഘദൂര സർവീസുകൾക്ക് പകരമായാണ് 700 സ്വിഫ്റ്റ് ബസുകൾ എത്തുന്നത്. ഈ ബസുകളിൽ താത്കാലികാടിസ്ഥാനത്തിലാണ് ജീവനക്കാരുടെ നിയമനം. അതിനാൽ നിലവിൽ സർവീസ് നടത്തുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും എന്തുചെയ്യുമെന്നാണ് യൂണിയനുകൾ ചോദിക്കുന്നത്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം 5.62-ൽ നിന്ന് വർധിക്കുന്നത് തൊഴിൽ നഷ്ടത്തിന് കാരണമാകുമോ എന്നും യൂണിയനുകൾക്ക് അശങ്കയുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ 3500 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് എ.ഐ.ടി.യു.സി നേതാവ് എംജി രാഹുൽ പറഞ്ഞു. കെ-സിഫ്റ്റ് കെ.എസ്.ആർ.ടി.സിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കെ-സിഫ്റ്റിലേക്ക് ബസുകൾ കൂടുന്നത് സുപ്പർ ക്ലാസിൽ മാത്രമാണ്. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസില്ലെന്നും ജീവനക്കാരില്ലെന്നും എംജി രാഹുൽ പറഞ്ഞു.
എന്നാൽ, ദീർഘദൂര സർവീസുകൾ സിഫ്റ്റിലേക്ക് മാറുമ്പോൾ ഓഡിനറി ബസുകൾ കൂടുതലായി ഓടിച്ച് അവയിലേക്ക് ജീവനക്കാരെ പുനഃക്രമീകരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. വരും വർഷങ്ങളിൽ കൂടുതൽപേർ വിരമിക്കുന്നതൊടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുംമാനേജ്മെന്റ് വിശദീകരിക്കുന്നു.
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 700 സി.എൻ.ജി. ബസുകൾ വാങ്ങാൻ കിഫ്ബിയിൽനിന്ന് 455 കോടിരൂപ വായ്പ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. നാലുശതമാനം പലിശയ്ക്കാണിത്. ആദ്യമായാണ് കിഫ്ബിയിൽനിന്ന് ഇത്തരം വായ്പ നൽകുന്നത്. കടുത്ത സാമ്പത്തികബാധ്യതയിലുള്ള കെ.എസ്.ആർ.ടി.സി.ക്ക് നേരിട്ട് വായ്പ നൽകാൻ കഴിയാത്തതിനാലാണ് സ്വിഫ്റ്റിനെ പരിഗണിച്ചത്.