ഗുസ്തി താരം ബജ്‌രംഗ് പൂനിയക്ക് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

0
31

ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(എന്‍എഡിഎ) നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. മാർച്ച് 10ന് ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിനിടെ നടത്തുന്ന ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 23ന് നാഡ പ്രാഥമിക സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്റ്റ്‌ലിംഗും ബജ്‍രംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ടോക്യോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ബജ്‌റംഗ്.

പ്രാഥമിക സസ്‌പെന്‍ഷനെതിരേ ബജ്‌റംഗ് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നാഡയുടെ ആന്റി ഡിസിപ്ലിനറി ഡോപ്പിംഗ് പാനല്‍(എഡിഡിപി) മേയ് 31ന് ഇത് ഒഴിവാക്കിയിരുന്നു. നിലവില്‍ ബജ്‌റംഗിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ നാല് വര്‍ഷത്തേക്കുള്ള അയോഗ്യതയുടെ കാലയളവ് വിജ്ഞാപനം അയച്ച തീയതിയായ 2024 ഏപ്രില്‍ 23 മുതല്‍ ആയിരിക്കുമെന്ന് എഡിഡിപി ഉത്തരവില്‍ വ്യക്തമാക്കി.

അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബജ്‌റംഗ് പൂനിയ ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസില്‍ അംഗത്വവുമെടുത്തിരുന്നു. മറ്റൊരു ഗുസ്തിതാരമായ വിനേഷ് ഫോഗട്ടും ബജ്‌റംഗിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സസ്‌പെന്‍ഷനെതിരേ ജൂലൈ 11ന് താരം അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ നാലിനും വാദം കേട്ടിരുന്നു.

ഉത്തേജകമരുന്ന് പരിശോധനയ്ക്കായുള്ള നടപടികളില്‍ തന്നോട് വിവേചനപരമായാണ് പെരുമാറിയതെന്ന് ബജറംഗ് പൂനിയ പലതവണ ആരോപണം ഉന്നയിച്ചിരുന്നു. റെസ്റ്റ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണനെതിരേ സമരം നടത്തിയതിനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കുന്നതിന് താന്‍ എതിരല്ലെന്നും 2023 ഡിസംബറില്‍ സാംപിള്‍ കളക്ഷനായി നല്‍കിയ ടെസ്റ്റിംഗ് കിറ്റ് കാലഹരണപ്പെട്ടതിന് നാഡയില്‍ നിന്ന് വ്യക്തതയാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

തങ്ങളുടെ ഉദ്യോഗസ്ഥന്‍ ബജ്‌റംഗിനെ സമീപിക്കുകയും ഉത്തേജക മരുന്ന് പരിശോധനയ്ക്കായി മൂത്രത്തിന്റെ സാമ്പിള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് നാഡ വ്യക്തമാക്കിയിരുന്നു.
2021ലെ ഉത്തേജക വിരുദ്ധ നിയമം പ്രകാരം ബജ്‌റംഗ് തന്റെ കടമകളോടും ഉത്തരവാദിത്വങ്ങളോടും തികഞ്ഞ അവഗണന പ്രകടിപ്പിച്ചതായും നാഡ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here