സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

0
56

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സിപിഐ പറയുന്നത്.  സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി സുമേഷ് കെ പി ആണ് പരാതി നൽകിയത്. സംഭവത്തില്‍ ജോയിന്‍റ് ആർടിഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.

പൂരത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി, സേവാഭാരതി ആംബുലന്‍സില്‍ പ്രശ്‌നം നടക്കുന്ന സമയത്ത് വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സി.പി.ഐ നേതാവും മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്. സുനില്‍ കുമാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here