കാര്‍ത്തിയ്ക്ക് ഞാനൊരു നല്ല ചേട്ടനല്ലായിരുന്നു എന്ന് സൂര്യ!

0
65

സൂര്യ ഒരു മകനും ചേട്ടനും എന്ന നിലയില്‍ നൂറ് ശതമാനം വിജയമാണ് എന്ന് അനുജന്‍ കാര്‍ത്തിയും, അച്ഛന്‍ ശിവകുമാറും പറയുന്നു. എന്നാല്‍ ആ പറഞ്ഞത് സൂര്യ അത്രയ്ക്ക് അങ്ങ് അംഗീകരിക്കുന്നില്ല. ഞാനൊരു നല്ല ചേട്ടന്‍ അല്ലായിരുന്നു എന്നാണ് സൂര്യ പറയുന്നത്.

ചെറുപ്പത്തില്‍ കാര്‍ത്തിയെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്, അവനെ വേദനിപ്പിച്ച്, കരയിപ്പിച്ച് സ്വയം സന്തോഷിച്ചിരുന്ന ചേട്ടനായിരുന്നു താന്‍ എന്ന് സൂര്യ പറയുന്നു. നല്ല തടിച്ച കുട്ടിയായിരുന്നു കാര്‍ത്തി, അത് പറഞ്ഞ് ഒരുപാട് കളിയാക്കുമായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നു കാര്‍ത്തി, എന്നാല്‍ സൂര്യ അങ്ങനെയായിരുന്നില്ലത്രെ.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചു. കാര്‍ത്തിയ്ക്ക് മെയിന്‍ റോളും, സൂര്യയ്ക്ക് സഹതാര റോളുമായിരുന്നുവത്രെ കിട്ടിയത്. അതില്‍ ദേഷ്യം തോന്നിയ സൂര്യ ബാക്ക് സ്‌റ്റേജില്‍ വച്ച് കാര്‍ത്തിയുടെ മാല പിടിച്ചുവാങ്ങിയത്രെ. അന്ന് അവന്‍ കരയുന്നത് കണ്ട് സന്തോഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു എന്നാണ് സൂര്യ പറയുന്നത്.

എന്നാല്‍ അതിലൊന്നും സങ്കടപ്പെടേണ്ടതില്ല എന്ന് ഫാന്‍സ് സൂര്യയെ ആശ്വസിപ്പിയ്ക്കുന്നു. ചെറുപ്പത്തില്‍ ഇത്തരത്തില്‍ തല്ലുകൂടാത്ത സഹോദരങ്ങളില്ല, അങ്ങനെ തല്ലുകൂടിയ സഹോദരങ്ങളാണ് വലുതാവുമ്പോള്‍ പരസ്പരം ഏറ്റവും പിന്തുണയുള്ളവരായി മാറിയിട്ടുള്ളത്. നിങ്ങളുടെ രണ്ടുപേരുടെയും കാര്യത്തില്‍ അത് വളരെ സത്യമാണ് എന്ന് ആരാധകര്‍ പറയുന്നു.

ചെറുപ്പത്തില്‍ കാര്‍ത്തിയെ വേദനിപ്പിച്ച് സന്തോഷിച്ച അതേ സൂര്യയാണ്, സിനിമാ ജീവിതത്തില്‍ കാര്‍ത്തിയ്ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത്. തന്റെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കാര്‍ത്തിയുടെ സിനിമകള്‍ നിര്‍മിയ്ക്കുകയും, തന്നെ കൊണ്ട് പറ്റുന്നവിധമൊക്കെ പിന്തുണയ്ക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന് ആരാധകര്‍ സാക്ഷിയാണ്.

കഴിഞ്ഞ ദിവസം സൂര്യയുടെ ജന്മദിനത്തില്‍ കാര്‍ത്തി പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. കഠിനാധ്വാനം കൊണ്ട് വിജയങ്ങള്‍ കീഴടക്കാന്‍ സാധിയ്ക്കും എന്ന് എന്നെ പഠിപ്പിച്ച, എനിക്ക് കാണിച്ചു തന്ന മനുഷ്യന്‍ എന്നാണ് ചേട്ടനെ കുറിച്ച് കാര്‍ത്തി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here