പത്തനംതിട്ട: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ പമ്പാ ഡാം തുറന്നു. എട്ട് മണിക്കൂർ ഡാം തുറന്നിടും. പന്പാ ഡാമിന്റെ ആറ് ഷട്ടറുകൾ രണ്ട് അടി വീതമാണ് തുറക്കുന്നത്. ഇതേതുടർന്നു പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണക്കൂടം അറിയിച്ചു.
ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽനിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം അഞ്ചു മണിക്കൂറുകൊണ്ട് ഈ വെള്ളം റാന്നിയിൽ എത്തുമെന്നാണ് വിലയിരുത്തുന്നത്.
പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.