വയനാട് വന്യജീവി സങ്കേതത്തിലും, നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും കടുത്ത ഭീഷണിയായി അധിനിവേശ സസ്യങ്ങള്‍ വ്യാപിക്കുന്നു. സെന്ന കാസിയസ് പക്ടാബിലീസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മഞ്ഞകൊന്നയാണ് ആശങ്കയായി വനമേഖലയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രധാന അധിനിവേശസസ്യം. വയനാട് വന്യജീവി സങ്കേതത്തില്‍ മഞ്ഞകൊന്ന നിര്‍മ്മാര്‍ജ്ജനം നടന്നുവന്നിരുന്നുവെങ്കിലും ഒരു വര്‍ഷത്തിലേറെയായി ഇത് മുടങ്ങികിടക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രിലിലാണ് മഞ്ഞകൊന്ന നിര്‍മ്മാര്‍ജനം പൂര്‍ണമായി നിലച്ചത്. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയ്ഞ്ചില്‍ മാത്രമാണ് നിലവില്‍ മഞ്ഞകൊന്നയുടെ സാന്നിധ്യമില്ലാത്തത്.
മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളിലായി നൂറുകണക്കിനു എക്കര്‍ നൈസര്‍ഗിക അടിക്കാടുകളാണ് മഞ്ഞക്കൊന്നയുടെ വ്യാപനം മൂലം ഇല്ലാതായത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതക്ക് ഇരുവശത്തുമായി വന്‍മരങ്ങളായി തന്നെ മഞ്ഞകൊന്ന വ്യാപിച്ചിരിക്കുന്നത് കാണാം. സാമൂഹിക വനവത്ക്കരണ വിഭാഗം വിദേശത്ത് നിന്നും കൊണ്ടുവന്ന വിത്തുകളില്‍ നിന്നാണ് വയനാടന്‍ വനമേഖലയില്‍ മഞ്ഞകൊന്നയെത്തുന്നത്. മഞ്ഞകൊന്നയുടെ വ്യാപനം വനമേഖലക്കുണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ ഇല്ലാതാക്കുന്ന ഈ സസ്യം നിര്‍ജലീകരണത്തിനും കാരണമാവുന്നു. ഇതിന്റെ ഇലയോ കമ്പോ ഒരു ജീവിയും സ്പര്‍ശിക്കില്ല. വ്യാപകമായി പൂക്കുമ്പോള്‍ പോലും ഒരു തേനീച്ച പോലും ഈ സസ്യത്തിന് സമീപത്തേക്കെത്തില്ല. ഈ സസ്യത്തിന്റെ ചുവട്ടിലും മറ്റും മറ്റൊന്നിനും വളരാനുമാവില്ല.
30 അടിയോളം ഉയരത്തില്‍ വളരുന്ന മരത്തില്‍ ഒമ്പതിനായിരം വരെ വിത്തുകളാണുണ്ടാകുക. ഇതില്‍ ഭൂരിഭാഗവും മണ്ണില്‍ വീണ് കിളര്‍ക്കുകയും ചെയ്യും. മുറിച്ചുകളഞ്ഞാല്‍ പോലും വേരില്‍ നിന്നും നൂറ് കണക്കിന് മുളകള്‍ പൊട്ടി വീണ്ടും തളിര്‍ത്തുകയറും. അതുകൊണ്ട് തന്നെ മഞ്ഞകൊന്നയുടെ ചെടികള്‍ വേരോടെ പിഴുതുമാറ്റി വീണ്ടും കിളിര്‍ക്കാത്ത രീതിയില്‍ തലകുത്തനെ കുഴിച്ചിരുന്ന രീതിയായിരുന്നു നിര്‍മ്മാര്‍ജ്ജനത്തിനായി അവലംബിച്ചത്. വളര്‍ച്ചയെത്തിയവയുടെ തോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയും മഞ്ഞകൊന്നയെ നശിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം നിലച്ചതോടെ വീണ്ടും ഈ സസ്യത്തിന്റെ വ്യാപനമുണ്ടാകുകയായിരുന്നു. 2019-ല്‍ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയാണ് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം തുടങ്ങിയത്.
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ പണിയ, കാട്ടുനായ്ക്ക, മുള്ളുക്കുറുമ വിഭാഗങ്ങളിലെ തൊഴിലാളികളെയായിരുന്നു നിര്‍മ്മാര്‍ജന പ്രവൃത്തിക്കായി നിയോഗിച്ചത്. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി റേഞ്ചുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായി ഏകദേശം മൂവായിരത്തോളം ഏക്കറിലാണ് സൊസൈറ്റി മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടത്തിയത്. വനത്തിലെ കാക്കപ്പാടം, രാംപൂര്‍, പൊന്‍കുഴി, രാംപള്ളി, മുത്തങ്ങ, തകരപ്പാടി തുടങ്ങിയ പ്രദേശങ്ങളിലായി ചെറുതും വലതുമടക്കം ഒന്നരക്കോടിയോളം മഞ്ഞക്കൊന്നകളായിരുന്നു നശിപ്പിച്ചത്. മഞ്ഞകൊന്ന നശിപ്പിച്ചതിന് പിന്നാലെ ഒരു ലക്ഷം മുളംതൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവൃത്തി സൊസൈറ്റിയും വനം-വന്യജീവി വകുപ്പും പിന്നീട് തുടരാന്‍ നാളിതുവരെയായി തയ്യാറായിട്ടില്ല. സ്വാഭാവിക സസ്യലതാദികളെ നശിപ്പിച്ചു തഴച്ചുവളരുന്ന ഇവ കാടിന്റെ സന്തുലനത്തെ തകര്‍ക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിനൊപ്പം തന്നെ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും, കര്‍ണാടകയിലെ വെള്ള റേഞ്ച്, ബന്ദിപ്പൂര്‍ വനമേഖലകളിലും മഞ്ഞകൊന്നയുടെ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. വയനാട്ടിലെ തോല്‍പ്പെട്ടിയിലും ബാവലിയിലും മഞ്ഞകൊന്നയുടെ വ്യാപനം മൂലം നൂറ് കണക്കിന് മരങ്ങളാണ് ഉണങ്ങിപ്പോയത്. വനസമ്പത്തിന് ഭീഷണിയായതിനെ തുടര്‍ന്ന് വിഷയം നിയമസഭയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നിയമസഭാസമിതി ഇതിനെ കുറിച്ച് പഠനം നടത്തുന്നതിനായി പീച്ചി ആസ്ഥാനമായുള്ള കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പഠനത്തില്‍ ഈ ചെടി വനസമ്പത്തിന് തന്നെ ഭീഷണിയാണെന്ന് കണ്ടെത്തി. എന്നാല്‍ കാര്യമായ തുടര്‍നടപടികളുണ്ടായില്ല.
വനസമ്പത്ത് പൂര്‍ണമായി നശിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ ഈ ചെടി എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. വനമേഖലയ്‌ക്കൊപ്പം സ്വകാര്യഭൂമിയില്‍ പോലും ഇന്ന് മഞ്ഞക്കൊന്ന വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികവനം നഷ്ടപ്പെടുന്നത് കൊണ്ട് വന്യമൃഗശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന വയനാട് പോലുള്ള ജില്ലയില്‍ മഞ്ഞകൊന്നയുടെ നിര്‍മ്മാര്‍ജ്ജനം ഊര്‍ജിതമാക്കിയില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയായിരിക്കില്ല. മഞ്ഞക്കൊന്നയ്ക്കു പുറമേ അരിപ്പൂ, കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയ ഇനം അധിനിവേശ സസ്യങ്ങളും ഭീഷണിയായി ജില്ലയിലെ വനമേഖലയില്‍ ധാരാളമായുണ്ട്.
Like this:
Like Loading...