തിരുവനന്തപുരം: മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോൺഗ്രസ് എമ്മിന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി തകർക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോൺഗ്രസ് നേതാക്കൾക്കും ചരിത്രബോധം ഉണ്ടാവണം. മാണി സാറിനോട് കോൺഗ്രസ് കാട്ടിയ നെറികേട് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. യുഡിഎഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോൺഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്നും പ്രതിച്ഛായ വിശദമാക്കുന്നു. മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പൽ ജീവനക്കാരനെ പോലെയാണ് വീക്ഷണം എന്നുമാണ് പ്രതിച്ഛായയുടെ പരിഹാസം.
കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖപത്രം ആവശ്യപ്പെട്ടത്. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ലെന്നും വീക്ഷണം വിശദമാക്കിയിരുന്നു.
കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും വീക്ഷണം നൽകിയിരുന്നു. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് രാഷ്ട്രീയത്തിൽ കർഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും വീക്ഷണത്തിലെ ലേഖനം കുറ്റപ്പെടുത്തിയിരുന്നു.