ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇറങ്ങുമ്പോൾ വീണ്ടെടുക്കാനാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങുക.
ഐഎസ്എൽ പത്താം പതിപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശക്കളിയിൽ മുഖാമുഖം എത്തുന്നത്. കപ്പ് നിലനിർത്തുന്നതിനൊപ്പം ട്രബിൾ കിരീടനേട്ടമാണ് മോഹൻ ബഗാന്റെ മോഹം. ഡ്യൂറന്റ് കപ്പിനും ഐഎസ്എൽ ലീഗ് ഷീൽഡിനുമൊപ്പം ഐഎസ്എൽ കിരീടം കൂടി ഷെൽഫിലെത്തിക്കാനായാൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമുമാകാം മോഹൻ ബഗാൻ.
ലീഗ് റൌണ്ടിലെ അവസാന കളിയിൽ ഇതേ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മുംബൈയെ 2-1ന് തോൽപ്പിച്ചായിരുന്നു മോഹൻ ബഗാന്റെ ഷീൽഡ് നേട്ടം. സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത് ഫൈനലിലും ആത്മവിശ്വാസമേകും. ദിമിത്രി പെട്രാറ്റോസ് – ജേസൺ കമ്മിങ്സ് ജോഡിയിലാണ് മോഹൻ ബഗാന്റെ ഗോൾ പ്രതീക്ഷകൾ. ഫൈനലിലേക്ക് നയിച്ച നിർണായക ഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൾ സമദും കൂട്ടിനുണ്ട്.
സസ്പെൻഷൻ മൂലം അർമാൻഡോ സാദിക്കുവില്ലാത്തതാണ് കനത്ത തിരിച്ചടിയാവും. 2020-21 സീസണിലെ പോലെ മോഹൻ ബഗാനെ കീഴടക്കി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്സി.മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർഗെ പെരേര ഡിയാസ്, വിക്രം പ്രതാപ് സിങ്, ലാലിയൻസുവാല ചാങ്തെ എന്നിവരുടെ ബൂട്ടുകൾ നിറയൊഴിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്സി ഫൈനലിൽ ഇറങ്ങുക.