കൊച്ചി: അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് നടൻ ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയെന്ന കേസില്‍ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോർട്ടിലെ സാക്ഷിമൊഴിപ്പകർപ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ ഡിവിഷൻ ബെഞ്ച് പരിഗണിക്കവേയായിരുന്നു ദിലീപിന്റെ വാദം. ദിലീപിന്റെ ഹർജി വിധിപറയാൻ മാറ്റി.
തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകർപ്പ് നല്‍കാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം, കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകൻ ചോദിച്ചു.
ഹർജി നിയമപരമായി നിലനില്‍ക്കില്ല. തീർപ്പാക്കിയ ഹർജിയിലാണ് മൊഴിപ്പകർപ്പ് നല്‍കാൻ ആവശ്യമുന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ മൊഴിപകർപ്പ് നല്‍കരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. അന്തിമമാക്കിയ ഹർജികളില്‍ പുതിയ നിർദേശങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കുന്നതിനെ സുപ്രീംകോടതി വിമർശിച്ചിട്ടുണ്ടെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. അതിജീവിതയുടെ അഭിഭാഷക ടെലിവിഷൻ ചാനലുകളില്‍ വന്ന് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയില്‍ വിമർശനം ഉന്നയിച്ചു.
അതേസമയം, ജില്ലാജഡ്ജിയുടെ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ അറിയാൻ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. അന്വേഷണറിപ്പോർട്ടിലെ സാക്ഷിമൊഴിപ്പകർപ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.