ഈ മാസം അവസാനത്തോടെ രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര സൗകര്യമൊരുക്കും. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി യാത്രക്കാർക്ക് മികച്ച അനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജി യാത്ര സംവിധാനമൊരുക്കുന്നത്.
മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയായ ഡിജി യാത്ര സൗകര്യം നിലവിൽ വരുന്നതോടെ വിമാനത്താവളങ്ങളിലെ വിവിധ പരിശോധന പോയിൻ്റുകളിൽ യാത്രക്കാർക്ക് സമയം ചെലവഴിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
ടിക്കറ്റും തിരിച്ചറിയൽ കാർഡും കാണിച്ച് പരിശോധന പൂർത്തിയാക്കാം. സുക്ഷാ ഉദ്യോഗസ്ഥരുടെ ബാഗേജ് പരിശോധന മാത്രമാകും ഉണ്ടായിരിക്കുക.ആഭ്യന്തര യാത്രക്കാർക്കായി രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ഈ സൗകര്യം നിലവിലുണ്ട്.
അന്താരാഷ്‌ട്ര യാത്രക്കാർക്കും ഇത് ലഭ്യമാക്കുന്നതിനായി ചർച്ചകൾ തുടരുകയാണ്. ഏപ്രിൽ അവസാനത്തോടെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജി യാത്ര ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിജി യാത്ര ഫൗണ്ടേഷൻ സിഇഒ സുരേഷ് ഖഡക്ഭാവി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇൻഡോർ, മംഗലാപുരം, പട്‌ന, റായ്‌പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഡിജി യാത്ര ഉടൻ ആരംഭിക്കുന്നത്. ഡിജി യാത്ര സാവധാനത്തിൽ ആശങ്കയും ശക്തമാണ്.
യാത്രക്കാരുടെ സ്വകാര്യതയ്ക്ക് കോട്ടമുണ്ടാകുമെന്നും വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്നുമാണ് പ്രധാന ആരോപണം. എന്നാൽ അത്തരമൊരു ആശങ്ക വേണ്ടെന്ന് ഡിജി യാത്ര ഫൗണ്ടേഷൻ സിഇഒ സുരേഷ് ഖഡക്ഭാവി പറഞ്ഞു.ഡിജി യാത്ര ഉപഭോക്താക്കൾക്ക് കൂടുതൽ സൗഹൃദപരമാക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.
നിലവിലെ രീതിയിൽ തന്നെ പരിഷ്കാരങ്ങൾക്ക് ആലോചനയുണ്ട്. അന്താരാഷ്ട്ര യാത്രയ്ക്ക് സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായും മറ്റ് ഏജൻസികളുമായും ചർച്ചകൾ നടന്നുവരികയാണെന്നും ഖഡക്ഭാവി കൂട്ടിച്ചേർത്തു.