വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് തീപിടുത്തത്തിൽ മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിലായിരുന്നു തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ തീപിടുത്തമുണ്ടായത്. ഇതിനുസമീപത്തെ ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ.
തീ കത്തിക്കയറുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തടുർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന ഭാസ്ക്കരനറെ മൃതദേഹം സുൽത്താൻബത്തേരി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.