കെ സുധാകരൻ്റെ പരാമർശത്തിന് മറുപടിയുമായി ഷമ മുഹമ്മദ്.

0
65

ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പരാമർശത്തിന് മറുപടിയുമായി ഷമ മുഹമ്മദ് തന്നെ രംഗത്ത്. ‘ഡോ. ഷമ മുഹമ്മദ്, കോൺഗ്രസ് വക്താവ്’, ഇതാണ് തൻ്റെ ഐഡിയെന്ന് ഫേസ്ബുക്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലുള്ള കാർഡ് പങ്കുവെച്ചു ഷമ മുഹമ്മദ് മറുപടി നൽകി. സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിൽ അതൃപ്തി അറിയിച്ചു ഷമ രംഗത്തെത്തിയോടെയാണ് ഷമയെ തള്ളി കെ സുധാകരൻ പരാമർശം നടത്തിയത്.

“അതൊക്കെ അവരോട് ചോദിച്ചാൽ മതി, അവരൊന്നും പാർട്ടിയുടെ ആരുമല്ല”- എന്നായിരുന്നു ഷമ മുഹമ്മദ് പ്രകടിപ്പിച്ച അതൃപ്തി സംബന്ധിച്ചു മാധ്യമങ്ങൾ പ്രതികരണം തേടവെ കെ സുധാകരൻ പറഞ്ഞത്. കെ സുധാകരൻ്റെ പരാമർശത്തിൽ പരസ്യപ്രതികരണത്തിന് ഷമ മുഹമ്മദ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ഫേസ്ബുക്കിൽ തൻ്റെ സ്ഥാനം പങ്കുവെച്ചു പോസ്റ്റിട്ടത്. ഷമയെ അനുകൂലിച്ചു നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറഞ്ഞതിലാണ് ഷമ മുഹമ്മദ് അതൃപ്തി പരസ്യമാക്കിയത്. സ്ത്രീകളെ പരിഗണിക്കാത്തതിലാണ് തൻ്റെ പരാതിയെന്നായിരുന്നു ഷമയുടെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് സ്ത്രീകൾ സ്ഥാനാർഥിയായിരുന്നു. സ്ത്രീ സംവരണത്തിനു ശേഷം ഒരു സ്ത്രീ മാത്രമാണ് സ്ഥാനാർഥിയായത്.

അതും സിറ്റിങ് എംപി. അവർ സംവരണ വിഭാഗത്തിൽ പെടുന്നതുകൊണ്ടാണ്, അല്ലെങ്കിൽ അവരും ഉണ്ടാകില്ലെന്നും ഷമ തുറന്നടിച്ചു.രാഹുൽ ഗാന്ധി പറയുന്നത് എന്തുകൊണ്ട് കേരളത്തിലെ നേതാക്കൾ ചെവിക്കൊള്ളുന്നില്ല. സ്ത്രീകളെ പരിഗണിക്കണം എന്നത് തൻ്റെ അപേക്ഷയാണ്. തന്നെ പരിഗണിക്കാത്തതിൽ പരിഭവമില്ല. താൻ വിവിധ പാർട്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

പാർട്ടിക്ക് വേണ്ടി 10 കൊല്ലമായി ടിവിയിൽ പ്രതികരിക്കുന്നുണ്ട്. എല്ലാർക്കും അവസരം കിട്ടണം. മറ്റ് പാർട്ടിയിൽ അധികം സ്ത്രീ സ്ഥാനാർഥികളുണ്ട്. വടകരയിൽ കോൺഗ്രസിന് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീയെ പരിഗണിക്കാമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here