ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായി.

0
66

പ്രതീക്ഷകളെ മറികടന്ന് ഇന്ത്യയുടെ മൂന്നാം പാദ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപ്പാദനം) വളർച്ചാ നിരക്ക് 8.4 ശതമാനമായി ഉയർന്നു. 2023 ഒക്ടോബർ-ഡിസംബർ പാദത്തിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വ‍ർഷം ഇതേ പാദത്തിൽ 4.3 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക്. വിശകലന വിദഗ്ധർ പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് ഇത്തവണത്തേത്.

മൂന്നാം പാദത്തിൽ 6 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിൽ സാവധാനത്തിലുള്ള ജിഡിപി വളർച്ചയാണ് വിശകലന വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. 2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളർച്ച നേടിയിരുന്നു.

മൂന്നാം പാദത്തിലെ 8.4% ജിഡിപി വളർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെയും സാധ്യതകളെയുമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 140 കോടി ജനങ്ങളെ മെച്ചപ്പെട്ട ജീവിതം നയിക്കാനും വികസിത ഭാരതം സൃഷ്ടിക്കാനും സഹായിക്കുന്ന അതിവേഗ സാമ്പത്തിക വളർച്ച കൈവരിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കാർഷിക മേഖലയിലെ വളർച്ച ഇടിഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ 5.2 ശതമാനത്തേക്കാൾ കുറവാണ് ഈ വർഷത്തെ മൂന്നാം പാദ വളർച്ചാ നിരക്ക്. ഈ വർഷം കാർഷിക വളർച്ചാ നിരക്ക് മൈനസ് 0.8 ശതമാനമായി കുറഞ്ഞു.

ഫെബ്രുവരി 29 ന് പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷത്തെ ഏപ്രിൽ മുതൽ ജനുവരി വരെ കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 11.03 ലക്ഷം കോടി രൂപയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here