ഇന്ത്യക്കാർ റഷ്യയിൽ കുടുങ്ങി കിടക്കുന്നുവെന്ന വിവരം പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

0
80

20 ഇന്ത്യക്കാരാണ് റഷ്യയിലെ യുദ്ധ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ അകപ്പെട്ടിരിക്കുന്നവരെ എത്രയും പെട്ടന്ന് തന്നെ ഇന്ത്യയിലേക്കെത്തിക്കാൻ ശ്രമം നടത്തുകയാണെന്ന് വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

റഷ്യൻ സൈന്യത്തിൽ നിന്ന് ഇന്ത്യക്കാരെ ഡിസ്ചാർജ് ചെയ്യാൻ ശ്രമിക്കുന്ന കേസുകൾ സർക്കാർ “സജീവമായി പിന്തുടരുകയാണെന്ന്” പ്രസ്താവിച്ച്   ദിവസങ്ങൾക്ക് ശേഷമാണ്  20-ഓളം ആളുകൾ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.  നേരത്തെ തന്നെ ഡിസ്ചാർജ് ചെയ്യാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട എംഇഎ വക്താവ് റഷ്യയിലെ ഇന്ത്യക്കാരോട് യുദ്ധമേഖലയിലേക്ക് കടക്കരുതെന്നും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അകപ്പെടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു.

“ഞങ്ങൾ മോസ്‌കോയിലെ റഷ്യൻ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരുടെ പ്രസക്തമായ എല്ലാ കേസുകളും ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ “സജീവമായി പിന്തുടരുകയാണെന്നും” അതിന്റെ ഫലമായി നിരവധി ഇന്ത്യക്കാരെ ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും എംഇഎ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ഉക്രെയ്ൻ യുദ്ധത്തിന്റെ സംഘർഷമേഖലയിൽ ചില ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ട് സ്റ്റാഫായി പ്രവർത്തിക്കുന്നുണ്ടെന്നും റഷ്യൻ സൈനികർക്കൊപ്പം യുദ്ധം ചെയ്യാൻ ഇവർ നിർബന്ധിതരായെന്നും മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രസ്താവന. “റഷ്യൻ സൈന്യത്തോടൊപ്പമുള്ള ഇന്ത്യക്കാരെ ഡിസ്ചാർജ് ചെയ്യാൻ സഹായം തേടുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ ചില തെറ്റായ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്.”എംഇഎ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം പറഞ്ഞു,

 

“മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയ അത്തരം ഓരോ കേസും റഷ്യൻ അധികാരികളുമായി ഗൗരവകരമായി തന്നെ ചർച്ച ചെയ്തിട്ടുണ്ട്. “റഷ്യൻ സൈന്യത്തിൽ നിന്ന് നേരത്തെയുള്ള വിടുതൽ ലഭിക്കുന്നതിന് ഇന്ത്യൻ പൗരന്മാരുടെ പ്രസക്തമായ എല്ലാ കേസുകളും റഷ്യൻ അധികാരികളുമായി സജീവമായി പിന്തുടരുന്നതിന് ഞങ്ങൾ  പ്രതിജ്ഞാബദ്ധരാണ്,” പ്രസ്താവന കൂട്ടിച്ചേർത്തു.

ഫെബ്രുവരി 21 ന് റഷ്യയിൽ നടന്ന മിസൈൽ ആക്രമണത്തിൽ 23 കാരനായ സൂറത്ത് സ്വദേശി ഹെമിൽ മംഗുകിയ മരിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മംഗുകിയ ഉക്രെയ്ൻ അതിർത്തിയിലെ യുദ്ധമേഖലയിൽ സൈന്യത്തിന്റെ ഒരു “സഹായി” ആയി ജോലി ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here