ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷൻ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചു

0
61

ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) ഹരിയാന സംസ്ഥാന അധ്യക്ഷനും ബഹദുർഗഡ് മുൻ എംഎൽഎയുമായ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചു. മറ്റൊരു പാർട്ടി പ്രവർത്തകനായ ജയ്കിഷനും വെടിവെപ്പിൽ മരിച്ചതായി പോലീസ് പറഞ്ഞു.

യാത്രയിലായിരുന്ന അദ്ദേഹത്തെ വാഹനത്തിലെത്തിയ  അജ്ഞാത അക്രമികൾ വെടിവക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥരും പാർട്ടി പ്രവർത്തകനും ആക്രമണത്തിൽ മരണപ്പെട്ടു.ഹരിയാനയിലെ ഝജ്ജാർ ജില്ലയിലെ ബഹദുർഗഡ് റെയിൽവേ ക്രോസിന് സമീപമാണ് അദ്ദേഹത്തെ ആക്രമിച്ചത്.

സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്ജ് പറഞ്ഞു. സംസ്ഥാന ഭീകരവാദ സേനയും വിഷയത്തിൽ അന്വേഷണം നടത്തുന്നുമെന്നും ഉടൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു.

സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയും (സിഐഎ) എസ്ടിഎഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ജജ്ജാർ എസ്പി അർപിത് ജെയിൻ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.നഫേ സിംഗ് റാത്തിക്ക് ഒന്നിലധികം തവണ വെടിയേറ്റതായി ഡോ. മനീഷ് ശർമ്മ പറഞ്ഞു.

വെടിവെപ്പിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, റാത്തിയുടെ ജീവന് ഭീഷണിയുണ്ടായിട്ടും സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാല പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ആഭ്യന്തരമന്ത്രി അനിൽ വിജും രാജിവെക്കണമെന്നും ചൗട്ടാല ആവശ്യപ്പെട്ടു. നഫേ സിംഗ് റാത്തിയുടെ വെടിയേറ്റ വാർത്തയോട് പ്രതികരിച്ച മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here