കേരളത്തിൽ യുവാക്കൾക്ക് ഗാർമെന്റ് ഫാക്ടറി ജോലികളല്ല ആവശ്യമെന്ന് മന്ത്രി പി രാജീവ്.

0
75

കേരളം വിട്ടുപോയ മലയാളികൾ തിരികെ വരുന്നുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ തുടങ്ങിയ ചില ഐടി സ്ഥാപനങ്ങളിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികൾ ജോലി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പി രാജീവിന്റെ ഈ പ്രസ്താവന. കേരളം ഉയർന്ന വാങ്ങൽ ശേഷിയുള്ളവർ കഴിയുന്ന, നഗര-ഗ്രാമ വ്യത്യാസങ്ങൾ കുറഞ്ഞ ഒരു സംസ്ഥാനമാണെന്നും അതിന്റെ സാധ്യതകൾ വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ യുവാക്കൾക്ക് ആവശ്യമായ തരത്തിലുള്ള വ്യവസായങ്ങളാണ് വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർമെന്റ് ഫാക്ടറിയും മറ്റും വന്നതു കൊണ്ട് കാര്യമില്ല. ഉയർന്ന ശമ്പളമുള്ള തൊഴിലുകളാണ് ആവശ്യം. മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബിഎംഡബ്ല്യൂ കേരളത്തിലേക്ക് വരാഞ്ഞതിന്റെ കാരണം അവർക്കാവശ്യമായ സ്ഥലം നൽകാൻ കഴിയാത്തതു കൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖത്തോട് ചേർന്ന് ആയിരം ഏക്കർ സ്ഥലം അവർക്ക് വേണമായിരുന്നു. അത് കേരളത്തിൽ ഇല്ല. കേരളത്തിൽ സാധ്യമാകുന്നതേ കൊണ്ടുവരാൻ കഴിയൂ. കേരളത്തിൽ വേണ്ടത് കേരളത്തിലെ ചെറുപ്പക്കാർക്ക് ജോലി കൊടുക്കാൻ കഴിയുന്ന സംരംഭങ്ങളാണ്.

“ഗാർമെന്റ്സ് ഫാക്ടറിയെക്കാൾ ഒരു ഐടി കമ്പനിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. മുവ്വായിരം പേർ ജോലി ചെയ്യുന്ന ഒരു ഐടി കമ്പനിയിൽ ശരാശരി 600 കോടി രൂപയാണ് ശമ്പളമായി മാറുന്നത്. അവർ കേരളത്തിൽ താമസിക്കുമ്പോൾ നഗരത്തിൽ പോകുന്നവരുടെ എണ്ണം കൂടും. അതുവഴി പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. ഒരു ഗാർമെന്റ് ഫാക്ടറി തുടങ്ങി പതിനായിരം പേർക്ക് ജോലി ലഭിക്കും.

അതിൽ 90 ശതമാനം പേരും ഇതര സംസ്ഥാന തൊഴിലാളികളായിരിക്കും. പതിനായിരം രൂപ ശമ്പളം വെച്ച് ഒരു വർഷത്തില്‍ ആകെ 120 കോടിയാണ് ശമ്പളമായി മറിയുക,” അദ്ദേഹം ചൂണ്ടിക്കാട്ടി.കിറ്റക്സ് കമ്പനി കേരളം വിട്ട് തെലങ്കാനയിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളും കാലാവസ്ഥയുമെല്ലാം ഏറ്റവും മികച്ചതാണെന്ന് പി രാജീവ് പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്യുന്നവർക്ക് അവിടുത്തെ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളും അന്തരീക്ഷ മലിനീകരണവുമെല്ലാം സഹിക്കേണ്ടതുണ്ട്.

“അവിടെ ഇപ്പോഴത്തെ മലിനീകരണനില 550 പിപിഎം ആണ്. നമ്മുടേത് 85 ആണ്. ശുദ്ധമായ വായു ശ്വസിച്ച് ജോലി ചെയ്യാം. ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഇടയ്ക്കൊരു പൊറോട്ടയും ബീഫും കഴിക്കണം എന്ന് തോന്നിയാൽ എന്തു ചെയ്യും? നിങ്ങളുടെ പ്രോഗ്രാം മുഴുവൻ തെറ്റിയില്ലേ? അമേരിക്കയിൽ ജോലി ചെയ്യുമ്പോൾ വീട്ടുകാരെ മിസ് ചെയ്യും.

കേരളത്തിലാണെങ്കിൽ ജോലി കഴിഞ്ഞ് ചെന്ന് അമ്മയുടെ മടിയിൽ കിടന്ന് അടുത്ത പ്രോഗ്രാം കമ്പോസ് ചെയ്യാം. തുടക്കത്തിൽ ഇവിടെ തുടരാൻ കഴിയുമോ എന്ന് സംശയിച്ച ഐബിഎം കേരളത്തിൽ രണ്ടുവർഷം പിന്നിട്ടപ്പോൾ 2400 എംപ്ലോയീസായി. ഒരു വര്‍ഷത്തിനുള്ളില്‍. ഐബിഎമ്മിന്റെ ലോകത്തിലെ കേന്ദ്രങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന കേന്ദ്രമാണ് കൊച്ചിയിലേത്,” പി രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here