ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ മുൻ ലളിതകലാ അക്കാദമി ചെയർമാൻ കൂടിയായ നേമം പുഷ്പരാജ് (Nemom Pushparaj) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘രണ്ടാം യാമം’ (Randaam Yamam). ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ഗോപാൽ ആർ. തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ചിത്രമാണ് രണ്ടാം യാമം.
ഒരു സാങ്കൽപ്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസങ്ങളേയും, പാരമ്പര്യങ്ങളേയും മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ കേന്ദ്രീകരിച്ച് അതിശക്തമായ ഒരു പ്രമേയമാണ് പുഷ്പരാജ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ തറവാട്ടിലെ ഇരട്ടകളായ യദു, യതി എന്നിവരിലൂടെയാണ് കഥാപുരോഗതി.
ഒരാൾ പാരമ്പര്യങ്ങളേയും, വിശ്വാസങ്ങളേയും മുറുകെ പിടിക്കുമ്പോൾ മറ്റെയാൾ യാഥാർത്യങ്ങളിലേക്കിറങ്ങി, കാലത്തിനൊത്ത മാറ്റങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിന്റെ ഭാഗമാകുന്നു. ഇവർ തമ്മിലുള്ള സംഘർഷം കുടുംബത്തിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വൈകാരികമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ക്യൂൻ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ ധ്രുവനും, യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതം കൃഷ്ണയുമാണ് ചിത്രത്തിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്. ശ്രദ്ധേയമായ മറ്റു രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോയ് മാത്യുവും മുൻകാല നായിക രേഖയുമാണ്.
യദു – യതി എന്നിവരുടെ മാതാപിതാക്കളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി, സാവിത്രി എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്.
സംവിധായകൻ രാജസേനൻ, സുധീർ കരമന, നന്ദു, ഷാജു ശീധർ, രമ്യാ സുരേഷ്, ദിവ്യശ്രീ, അംബികാ മോഹൻ, ഹിമാ ശങ്കരി, രശ്മി സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാസികയാണു നായിക. പരമ്പരാഗത ആചാരാനുഷ്ടാനങ്ങളെക്കുറിച്ച് റിസർച്ചു ചെയ്യാനെത്തുന്ന ഗവേഷക സോഫിയ എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്.
മോഹൻ സിതാരയുടേതാണ് സംഗീതം. ഛായാഗ്രഹണം – അഴകപ്പൻ, എഡിറ്റിംഗ്- വിശാൽ വി.എസ്., കലാസംവിധാനം – ത്യാഗു, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു ഗംഗാധരൻ, നിശ്ചല ഛായാഗ്രഹണം – ജയപ്രകാശ് അതളൂർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രാജേഷ് മുണ്ടക്കൽ, പ്രൊജക്റ്റ് ഡിസൈൻ- എ.ആർ. കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.