കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള വികസന പ്രവൃത്തിയുടെ ഭാഗമായി റണ്‍വേ വികസനത്തിന്റെ ഭൂമിയേറ്റെടുക്കലിന്റെ മുഴുവൻ നിര്‍മിതികളുടെയും മൂല്യനിര്‍ണയം ആരംഭിച്ചു.
2019ല്‍ ആവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും പി.ഡബ്ല്യൂ.ഡി വകുപ് ചമയങ്ങളുടെ മൂല്യം നിര്‍ണയിക്കാത്തതോടെയാണ് വികസന പ്രവൃത്തി നിലച്ചത്.കിൻഫ്രയുടെ കീഴില്‍ കാലിക്കറ്റ് ഗവ. എൻജിനീയിറങ് കോളജിലെ പ്ര. വി. അൻസുവിന്റെ നേതൃത്വത്തിലാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ഏകദേശം 1250 കോടി രൂപയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി കണക്കാക്കുന്നത്
കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ പ്രദേശങ്ങളിലെ 245 ഏക്കര്‍ ഭൂമിയാണ് കിയാലിനു റണ്‍വേ വികസനത്തിന് ആവശ്യം. സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രകാരം ദേശത്തെ 180 കുടുംബങ്ങളും അഞ്ചുക്ഷേത്രങ്ങളും പള്ളിയും നെയ്ത്തുശാലയും അംഗൻവാടിയും റണ്‍വേ വികസനത്തിനായി ഒഴിഞ്ഞുനല്‍കേണ്ടി വരും. ഇവിടങ്ങളില്‍ മൂല്യനിര്‍ണയം നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പി.ഡബ്യു.ഡി മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് കാലിക്കറ്റ് എൻജിനീയറിങ് കോളജിന് കീഴില്‍ മൂല്യനിര്‍ണയം നടത്താൻ തീരുമാനിച്ചത്. നിലവില്‍ 80 വീടുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി.
മാര്‍ച്ചിനകം മുഴുവൻ നിര്‍മിതികളുടെയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടം, മരങ്ങള്‍ തുടങ്ങിയവയില്‍ ഓരോന്നും പ്രത്യേകമായാണ് മൂല്യനിര്‍ണയം നടത്തുന്നത്. മൂല്യനിര്‍ണയം കൂടി ലഭിച്ചാല്‍ മാത്രമേ കിൻഫ്രക്ക് ഭൂമി ഏറ്റെടുക്കാനാവശ്യമായ തുക കണക്കാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.