കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഇന്ത്യ’ മുന്നണിയ്ക്ക് വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലേയ്ക്ക് ഇല്ലെന്നും ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുമായുള്ള പാന്‍ ഇന്ത്യന്‍ സഖ്യത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് മമതയുടെ നിലപാട്. കാളിഘട്ടില്‍ നടന്ന മീറ്റിംഗിലാണ് മമത നിലപാട് വ്യക്തമാക്കിയത്. ബംഗാളില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ താന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ കോണ്‍ഗ്രസ് 12 സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും മമത പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയുമില്ല.
ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എപ്പോഴും ഞാന്‍ പറയാറുളളത്. രാജ്യത്ത് എന്ത് നടക്കുന്നു എന്നത് എന്റെ വിഷയമല്ല. നമ്മള്‍ ഒരു മതേതര പാര്‍ട്ടിയാണ്. ബംഗാളില്‍ നമ്മള്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. ഞാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണ്. എന്നാല്‍ ഞാന്‍ പല പ്രൊപ്പോസലുകളും മുന്നോട്ടു വെച്ചിരുന്നു. അവയെല്ലാം തുടക്കത്തില്‍ തന്നെ തള്ളിക്കളയുകയാണ് ഉണ്ടായത്. അതിന് ശേഷം ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു’.
മമത കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര പശ്ചിമ ബംഗാളില്‍ കൂടി കടന്നു പോകുന്ന വിവരം തന്നെ ആരും അറിയിച്ചില്ലെന്ന് മമത കുറ്റപ്പെടുത്തി. എന്നാല്‍, ന്യായ് യാത്രയുടെ ഭാഗമാകണമെന്ന് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. താന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കെ ഇക്കാര്യം തന്നെ അറിയിക്കാതിരുന്നത് ശരിയായില്ലെന്നും മമത വിമര്‍ശിച്ചു.