10 വര്‍ഷം പഴക്കമുള്ള കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ബഹ്റൈനില്‍ അനുമതി

0
74

വിദേശരാജ്യങ്ങളില്‍ നിന്ന് യൂസ്ഡ് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവുവരുത്തി ബഹ്‌റൈന്‍. 10 വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അടുത്തിടെ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.യൂസ്ഡ് കാറുകളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവുവരുത്തിയത്.

ഇതുവരെ അഞ്ചു വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ മാത്രമാണ് ഇറക്കുമതി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. പഴയ കാറുകള്‍ ഇറക്കുമതി ചെയ്ത് യൂസ്ഡ് കാറായി രജിസ്റ്റര്‍ ചെയ്യുകയാണ് രീതി.രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഗുണകരമായ തീരുമാനമാണിത്. അടുത്തിടെ കാര്‍ വിലയില്‍ വലിയ വര്‍ധനയുണ്ടായതിനാല്‍ ഈ തീരുമാനം താമസക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കും. സാമ്പത്തിക പ്രയാസം കാരണം സ്വകാര്യ ഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് വാഹനങ്ങള്‍ വാങ്ങാനും യാത്രാചെലവ് കുറയ്്ക്കാനും ഇപ്പോഴത്തെ ഇളവ് ഉപകരിക്കും.

വാഹന വ്യവസായ മേഖലയില്‍ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും താമസക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ് ഗവണ്‍മെന്റ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ദ ന്യൂസ് ഓഫ് ബഹ്റൈന്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് പഴക്കമുള്ള കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, കാറുകളുടെ വില വര്‍ധിച്ചതോടെ പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതിന് നിയന്ത്രണത്തില്‍ ഇളവുവരുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here