അബുദാബി ഹിന്ദു ക്ഷേത്രം ഫെബ്രുവരിയില്‍ തുറന്നേക്കും

0
89

ഫെബ്രുവരിയില്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടനത്തിനെത്തുമെന്നാണ്(Inauguration) വിവരം. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. 700 കോടി രൂപ ചെലവിലാണ് നിര്‍മാണം. ബാപ്സ് സംഘടന എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ എന്ന ഹിന്ദു വിഭാഗമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലേത്. ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്ത് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ഫെബ്രുവരി 18 മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും. 2015ല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ 27 ഏക്കര്‍ സ്ഥലം അനുവദിച്ചത്. ദുബായ് – അബുദാബി ഹൈവേയിലെ അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയിലായിരുന്നു ഈ പ്രഖ്യാപനം. പിന്നീട് 2018ല്‍ ക്ഷേത്രത്തിന്റെ കല്ലിടല്‍ ചടങ്ങ് നടത്തി.യുഎഇയുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പിങ്ക് സാന്‍ഡ് സ്റ്റോണുകളും വെള്ള മാര്‍ബിളുകളും ഉപയോഗിച്ചാണ് നിര്‍മാണം. ക്ഷേത്രം 1000 വര്‍ഷത്തോളം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രധാന സംഭവങ്ങള്‍ കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഗോപുരങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്. നേരത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ആഗോള ഐക്യത്തിന്റെ ആത്മീയ പ്രതീകമായാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ഇതിനിടെ ബര്‍ ദുബായിലെ 60 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബല്‍ അലിയിലേക്ക് മാറ്റിയതിനെ ചൊല്ലി തെറ്റായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ക്ഷേത്രം എന്നന്നേക്കുമായി അടയ്ക്കുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്ഷേത്രം ജബല്‍ അലിയിലേക്ക് മാറ്റിയതായി കാണിച്ച് ക്ഷേത്ര അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഈ നോട്ടീസ് ദുബായിലെ ശിവക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളില്‍ പതിപ്പിച്ചിരുന്നു.  ശിവ് മന്ദിറും ഗുരുദ്വാരയും ഉള്‍ക്കൊള്ളുന്ന ബര്‍ ദുബായിലെ മീന ബസാര്‍ പ്രദേശത്തെ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്ര സമുച്ചയം 1958ല്‍ നിര്‍മിച്ചതാണ്. ആഘോഷ വേളകളില്‍ മലയാളികള്‍ അടക്കമുള്ള നിരവധി പേരാണ് ഇവിടെ എത്തുന്നത്. തിരക്കേറിയ വേളകളില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കൂടാതെ ശാന്തമായും സമാധാനമായും പ്രാര്‍ഥന നടത്താനും പൂജകള്‍ ചെയ്യാനും പ്രതിസന്ധികളുണ്ടായി. ഇതോടെയാണ് മറ്റൊരു സ്ഥലത്തേക്ക് ക്ഷേത്രം മാറ്റണമെന്ന തീരുമാനത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here