ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്. റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി (BJP) വൻ വിജയം നേടിയത്.ഇന്ന് രാവിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ റായ്പൂരിലെത്തിയിരുന്നു. 90 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.
ഛത്തീസ്ഗഢിലേക്ക് ബിജെപി കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, സർബാനന്ദ സോനോവാൾ, ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവർ എത്തിയത്. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരെ സംസ്ഥാന തലസ്ഥാനത്ത് കാണുന്നതിനുമായിട്ടാണ് കേന്ദ്ര നിരീക്ഷകർ സംസ്ഥാനത്ത് എത്തിയത്.
കുങ്കുരി അസംബ്ലി സീറ്റിൽ 87,604 വോട്ടുകൾക്കാണ് വിഷ്ണു ദേവ് സായി വിജയിച്ചത്. ഗോത്രവർഗ പ്രതിനിധിയും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് ദിയോ സായി. ആദ്യ മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയും പതിനാറാം ലോക്സഭയിൽ ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിലെ പാർലമെന്റ് അംഗവും ഉൾപ്പെടെ വിവിധ മേഖലകളിൽ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 2020 മുതൽ 2022 വരെ ബിജെപി ഛത്തീസ്ഗഢ് അധ്യക്ഷനായിരുന്നു.