മ്യൂസിയം ഓഫ് മൂൺ; നാളെ രാത്രി കനകക്കുന്നിൽ ‘ചന്ദ്രനിറങ്ങും’!

0
70

ലോകപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആർട്ടിസ്റ്റ് ലൂക് ജെറം ഇന്നലെ തിരുവനന്തപുരത്തെത്തി പ്രദർശന സ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുക. ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കനകക്കുന്നിൽ, ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനം സൗജന്യമാണ്.

യു.എസ്. കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് ‘മ്യൂസിയം ഓഫ് മൂൺ’ കാണുന്നതിന് നാളെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോളജി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യ പ്രദർശനം സംഘടിപ്പിച്ചത്.

തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചു കഴിഞ്ഞു. ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ച് കിലോ മീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽ നിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കുന്നത്.

മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴ് മീറ്റർ വ്യാസമുള്ള ഈ ചാന്ദ്രഗോളം സ്ഥാപിക്കുക. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽ നിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദർശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടാകും. തിരുവനന്തപുരം സിഇടി, ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ലൂക് ജെറം സംസാരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here