ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ പാകിസ്ഥാൻ പുറത്തായതിന് പിന്നാലെയാണ് സംഭവം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ് രംഗത്തെത്തി. എന്നാൽ വിമർശനം പാകിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് എതിരെ ആയിരുന്നെങ്കിലും അതിനെ ഏറ്റുപിടിച്ചത് ഇന്ത്യക്കാരായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ ബോളിവുഡ് നടി ഐശ്വര്യ റായിയുമായി താരതമ്യപ്പെടുത്തിയാണ് അബ്ദുൾ റസാഖ് രംഗത്തെത്തിയത്. ക്രിക്കറ്റ് ലോകത്തെ നാണംകെടുത്തുന്ന പ്രസ്താവനയെന്ന് പറഞ്ഞാണ് അബ്ദുൾ റസാഖിൻ്റെ പ്രസ്താവനക്കെതിരെ രോഷം ഉയരുന്നത്. ഒരു ടെലിവിഷൻ പ്രോഗ്രാമിലാണ് അബ്ദുൾ റസാഖ് വിവാദമായ പ്രസ്താവന നടത്തിയത്.
പിസിബിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് റസാഖിൻ്റെ പരാമർശം.`ഞാൻ ഐശ്വര്യ റായിയെ വിവാഹം കഴിക്കുമെന്നും പിന്നീട് നല്ല സ്വഭാവമുള്ള ഒരു കുട്ടിയുണ്ടാകുമെന്നും നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല. അതുകൊണ്ട് നിങ്ങളാദ്യം നിങ്ങളുടെ ഉദ്ദേശ്യങ്ങൾ ശരിയാക്കുകയാണ് വേണ്ടത്´- എന്നായിരുന്നു റസാഖ് പ്രസ്താവന നടത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് റസാഖ് രംഗത്തെത്തിയത്. “ഞങ്ങൾ ഇന്നലെ ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും സംസാരിച്ചു. എനിക്ക് നാക്ക് പിഴച്ചു, ഐശ്വര്യ റായിയുടെ പേര് തെറ്റായി പറഞ്ഞു.
ഞാൻ അവരോട് വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ” ക്ഷമാപണം നടത്തികൊണ്ട് സമാ ടിവിയിലൂടെ അദ്ദേഹം പറഞ്ഞു. നിരവധി മുൻ സഹതാരങ്ങളും ക്രിക്കറ്റ് സമൂഹത്തിലെ പ്രമുഖരും റസാഖിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഫാസ്റ്റ് ബൗളിംഗിന് പേരുകേട്ട ഷൊയ്ബ് അക്തർ പരാമർശത്തെ ആദ്യം അപലപിച്ചുകൊണ്ട് പറഞ്ഞു, “ഒരു സ്ത്രീയോടും ഇതുപോലെ അനാദരവ് കാണിക്കരുത്”. റസാഖിനോടൊപ്പം പരിപാടിയിൽ പങ്കെടുത്ത ഷാഹിദ് അഫ്രീദി റസാഖിന്റെ അഭിപ്രായം താൻ കേട്ടില്ലെന്നും പരസ്യമായി മാപ്പ് പറയാൻ റസാഖിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്︋വിയും റസാഖിൻ്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.