2025ല്‍ നടക്കുന്ന ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് യോഗ്യത നേടി അഫ്ഗാനിസ്താൻ. ലോകകപ്പില്‍ ശ്രീലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെയാണ് അഫ്ഗാന്‍റെ ചാമ്ബ്യൻസ് ട്രോഫി സാധ്യത ഉറപ്പായത്.
പാകിസ്താനാണ് ചാമ്ബ്യൻസ് ട്രോഫിക്ക് വേദിയാകുന്നത്. ലോകകപ്പ് പോയന്‍റ് ടേബിളില്‍ ആദ്യ ഏഴു സ്ഥാനത്തെത്തുന്ന ടീമുകളാണ് ടൂര്‍ണമെന്‍റില്‍ കളിക്കുക. നിലവില്‍ ഏഴു മത്സരങ്ങളില്‍നിന്ന് നാലു ജയവുമായി എട്ടു പോയന്‍റുള്ള അഫ്ഗാൻ ആറാം സ്ഥാനത്താണ്. ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ് ടീമുകള്‍ക്കെതിരെ തോറ്റെങ്കിലും അഫ്ഗാൻ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും തകര്‍ക്കുകയും നെതര്‍ലൻഡ്സിനെ അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
സെമി സാധ്യത നിലനിര്‍ത്താൻ അഫ്ഗാന് ഇന്ന് മുൻ ലോക ചാമ്ബ്യന്മാരായ ആസ്ട്രേലിയക്കെതിരെ ജയം അനിവാര്യമാണ്. അഫ്ഗാനെ വീഴ്ത്താനായാല്‍ കങ്കാരുപ്പടക്ക് ബംഗ്ലാദേശിനെതിരായ കളി ബാക്കിയിരിക്കെതന്നെ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. നിലവില്‍ 10 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഓസീസ്.
അവസാന കളിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ട്.