”ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലും ഇരുപത്തിമൂന്ന് ആശുപത്രികള്‍ ഒഴിയണമെന്നാണ് ഉത്തരവ്. ഈ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കും,” അദ്ദേഹം പറഞ്ഞു.
ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍, പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെയും മറ്റ് രോഗികളെയും സഹായിക്കാന്‍ മാനുഷികമായ പരിഗണന നല്‍കി ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ടെഡ്രോസ് ആവര്‍ത്തിച്ചു.
ഗാസയില്‍ 8,500-ലധികവും ഇസ്രായേലില്‍ 1,400-ലധികം പേര്‍ ഉള്‍പ്പെടെ 10,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇരുവശത്തും കൊല്ലപ്പെട്ടതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 21,000-ലധികം ആളുകള്‍ക്ക് പരിക്കേറ്റു, കൂടാതെ 1.4 ദശലക്ഷം പേര്‍ ഗാസയില്‍ പലായനം ചെയ്യപ്പെട്ടു.
ഗാസയിലെ സ്ഥിതി വളരെ പരിതാപകരമാണ്. ആശുപത്രികള്‍ തിങ്ങിനിറഞ്ഞതും, മോര്‍ഗുകള്‍ നിറഞ്ഞു കവിഞ്ഞതും, അനസ്‌തേഷ്യയില്ലാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നതുമൊക്കെ ചിന്തിക്കാന്‍ പോലുമാകില്ല. ടോയ്ലറ്റുകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നത് മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യത കൂട്ടുന്നു. ഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും വൈദ്യസഹായം ആവശ്യമാണ്. അവരെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങളെ സഹായിക്കാന്‍ യുഎന്‍ ഏജന്‍സി പാടുപെടുകയാണെന്ന് എമര്‍ജന്‍സി ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ പറഞ്ഞു. ഗാസയില്‍ പ്രവേശിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര ജീവനക്കാര്‍ക്കോ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ക്കോ സുരക്ഷാ ഗ്യാരണ്ടികള്‍ ആവശ്യമാണ്. ഞങ്ങളെ യുദ്ധത്തില്‍ ഉപകരണമാക്കില്ല. ഞങ്ങള്‍ ഇതില്‍ കക്ഷിയാകില്ല.. ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.
പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും സേന ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്ക് പുറമെ കുറഞ്ഞത് 50 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രി ഇടനാഴികളില്‍ ഓപ്പറേഷന്‍ റൂമുകള്‍ സ്ഥാപിക്കാനും ഡോക്ടര്‍മാര്‍ പാടുപെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ഗാസയില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 8000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള കണക്ക്.14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.