കോഴിക്കോട്: പ്രമുഖ മലയാള സിനിമാ നിർമ്മാതാവും മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറുമായ പിവി ഗംഗാധരന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ഒരാഴ്ച മുമ്പായിരുന്നു പിവി ഗംഗാധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ അദ്ദേഹം നിലവില്‍ എ ഐ സി സി അംഗമാണ്.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ കീഴില്‍ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ നിരവധി സിനിമകള്‍ നിർമ്മിച്ച വ്യക്തിയാണ് പിവി ഗംഗാധരന്‍. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ , എന്ന് സ്വന്തം ജാനകിക്കുട്ടി , വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ശാന്തം, യെസ് യുവർ ഓണർ, തുടങ്ങി ഇരുപതിലേറെ സിനിമകള്‍ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം നോട്ട്ബുക്കാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിർമ്മിച്ച അവസാന ചിത്രം.