ഇന്ത്യ- യുഎഇ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു.

0
80

ഇന്ത്യ- യുഎഇ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു. യുഎഇയിലെ ഫുജൈറ നഗരത്തേയും മുംബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിന് അടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനീയറിങ് വിസ്മയമായി മാറുമെന്നാണ് പ്രതീക്ഷ. 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ അണ്ടർ വാട്ടർ ട്രെയിന്‍ പദ്ധതി സംബന്ധിച്ച ആദ്യ ചർച്ചകള്‍ നടക്കുന്നത്.2,000 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത നിർമ്മിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് യുഎഇയുടെ പ്രതീക്ഷ. നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ തന്നെ പദ്ധതിക്ക് കാലതാമസം ഉണ്ടാവുമെന്ന് യു എ ഇ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു പ്രവാസികള്‍ക്കും മുംബൈ-ഫുജൈറ പദ്ധതി ഏറെ ഗുണകരമായിരിക്കും.

പദ്ധതി നടപ്പില്‍ വരുന്നതോടെ വിമാനത്തിന് പകരം ആളുകള്‍ക്ക് മുംബൈയില്‍ നിന്നും ട്രെയിന്‍ മാർഗ്ഗം യുഎഇയിലെത്താന്‍ സാധിക്കും. യുഎഇയുടെ നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡ് ഉടൻ തന്നെ പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് തേടുമെന്നാണ് യുണിലാഡ് റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യയും പദ്ധതിയുടെ ഭാഗമാവാന്‍ നീക്കം നടത്തുന്നുവെന്നാണ് സൂചന.വിമാനമാർഗം ദുബായിലേക്കുള്ള യാത്രാ സമയം മൂന്ന് മണിക്കൂറിൽ കൂടുതലാണ്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് എയർപോർട്ടിലുള്ള നടപടിക്രമങ്ങള്‍ക്കായി കുറഞ്ഞത് രണ്ട് മണിക്കൂർ വേറയും വേണ്ടി വരും. അണ്ടർ വാട്ടർ ട്രെയിന്‍ പദ്ധതി നടപ്പിലാവുന്നതോടെ രണ്ട് മണിക്കൂർ സമയം മാത്രമായാരിക്കും യാത്രക്ക് വേണ്ടി വരികയെന്നാണ് കണക്ക് കൂട്ടുന്നത്. ട്രെയിനിന് മണിക്കൂറിൽ 600 മൈൽ (1,000 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാനാകും.

കേവലം യാത്രാ ട്രെയിന്‍ എന്നതില്‍ ഉപരി ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള മാർഗമായാണ് ദുബായ് ഇതിനെ കാണുന്നത്. നർമ്മദ നദിയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കൊണ്ടുപോകുമ്പോള്‍ ഫുജൈറയുടെ തുറമുഖ നഗരത്തില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണയും ട്രെയിന്‍ മാർഗ്ഗം കൊണ്ടുവരാന്‍ സാധിക്കും.രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരം 1,240 മൈലിൽ (2,000 കിലോമീറ്റർ) കുറവാണ്യ എന്നാൽ ആഴത്തിലുള്ള വെള്ളത്തിലെ നിർമ്മാണമാണ് ഏറ്റവും വലിയ വെല്ലുവിളി. തുരങ്കം കാഴ്ച മറയ്ക്കുന്ന ഇഷ്ടികകൾ കൊണ്ട് നിർമ്മിക്കുന്നതിന് പകരം വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകൾ നൽകാൻ പദ്ധതിക്ക് സുതാര്യമായ ജനാലകൾ ഉപയോഗിച്ചേക്കാമെന്നും പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപയോഗിക്കേണ്ട ട്രെയിനുകളുടെ തരത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട നിർമ്മാണത്തെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ സാധ്യത റിപ്പോർട്ട് പരിഗണിക്കും. പണമായിരിക്കില്ല വെള്ളത്തിനടിയിലെ നിർമ്മാണത്തിനുള്ള സാങ്കേതി വിദ്യയായിരിക്കും പദ്ധതിയുടെ പ്രധാന വെല്ലുവിളിയെന്നാണ് വിലയിരുത്തുന്നത്.

ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും കടലിന് അടിയിലൂടെ ബന്ധിപ്പിക്കുന്ന ചാനൽ ടണല്‍ നിർമ്മിച്ചിരുന്നെങ്കിലും 50 കിലോ മീറ്റർ മാത്രമാണ് ഈ പാതയുടെ നീളം. മണിക്കൂറിൽ 70 മൈൽ (112 കി.മീ) എന്നതാണ് ചാനല്‍ ടണലിലെ ട്രെയിനിന്റെ വേഗത. ചാനല്‍ ടണലിനെ അപേക്ഷിച്ച് ദൂരം മാത്രമല്ല, വേഗതയിലും വലിയ വർധനവാണ് അല്‍ഫുജൈറ-മുംബൈ പാതയില്‍ ലക്ഷ്യം വെക്കുന്നത്. പദ്ധതി നടപ്പിലായാല്‍ മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരവും മെച്ചപ്പെടും. അതേസമയം തന്നെ അണ്ടര്‍വാട്ടര്‍ ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും പദ്ധതി ഇരുരാജ്യങ്ങള്‍ക്കും ലാഭകരമായി മാറുമെന്ന വിലയിരുത്തലാണ് ഇതുവരെയുണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here