കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതചുഴി നിലവില്‍ ജാര്‍ഖണ്ഡിന് മുകളില്‍ നിലനില്ക്കുന്നു. വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായര്‍, തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.