അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരം അരങ്ങേറിയത് ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടിയപ്പോൾ വളരെ കുറച്ചു പേർ മാത്രമാണ് മത്സരം കാണാനെത്തിയത്.
ഇക്കാര്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീം ഇല്ലാതിരുന്നതും വാരാന്ത്യ ദിവസം അല്ലാത്തതുമാണ് ആള് കുറയാൻ കാരണമെന്ന് ഒരു കൂട്ടർ വാദിക്കുന്നു. എന്നാൽ ഉയർന്ന ടിക്കറ്റ് നിരക്ക് കാണികളെ അകറ്റുന്നുവെന്ന വാദവും ശക്തമാണ്.
അതേസമയം ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യയില്ലാത്ത മത്സരങ്ങള്‍ക്ക് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്. തന്‍റെ എക്സ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
‘ഓഫീസ് സമയത്തിന് ശേഷം കളി കാണാൻ കൂടുതല്‍ ആളുകള്‍ വരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഇന്ത്യ മത്സരിക്കാത്ത കളികൾക്ക് സ്കൂള്‍, കോളേജ് കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റ് നൽകണം. 50 ഓവര്‍ ഗെയിമിനോടുള്ള താല്‍പര്യം കുറയുന്ന ഈ സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ ടിക്കറ്റ് കൊടുക്കുന്നത് യുവാക്കള്‍ക്ക് ലോകകപ്പ് കളി ആസ്വദിക്കാനും കളിക്കാര്‍ക്ക് നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നില്‍ കളിക്കാനും സഹായിക്കും.’ – സെവാഗ് ചൂണ്ടിക്കാട്ടി.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് ഗംഭീര തുടക്കം കുറിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. ഡേവൻ കോൺവെ, രച്ചിൻ രവീന്ദ്ര എന്നിവരുടെ സെഞ്ച്വറികളാണ് ന്യൂസിലാൻഡിന് കരുത്തായത്.