ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ (ജിസിസി) അംഗമായിട്ടുള്ള ആറ് രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഒരൊറ്റ വിസ സംവിധാനം പരിഗണിക്കുന്നതായി യുഎഇ ധനകാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ബൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു.
നിലവില്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് വിസ രഹിതയാത്ര ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേറെ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ചില രാജ്യങ്ങള്‍ വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
അബുദാബിയില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി സമ്മിറ്റില്‍ ചൊവ്വാഴ്ച പങ്കെടുത്തു സംസാരിക്കുകയായിരുന്നു അല്‍ മാരി.
ജിസിസി അംഗരാജ്യങ്ങള്‍ക്കിടയിലെ മുഴുവന്‍ താമസക്കാര്‍ക്കും ഒരൊറ്റ വിസ സമ്പ്രദായം നടപ്പിലാക്കാന്‍ ഉദേശിക്കുന്നതായി ഈ വര്‍ഷമാദ്യം ബഹ്‌റൈന്‍ ടൂറിസം മന്ത്രി വെളിപ്പെടുത്തിയിരുന്നു.
ഒരൊറ്റ വിസ നടപ്പാക്കുന്നതിന് മന്ത്രിതല ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസാരിക്കവെ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സെയ്‌റാഫി പറഞ്ഞു. ഈ സംവിധാനം വൈകാതെ തന്നെ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ഏകീകൃത പാക്കേജിന് കീഴില്‍ നിയന്ത്രണങ്ങളില്ലാതെ ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ സംവിധാനം ടൂറിസ്റ്റുകളെ സഹായിക്കുമെന്ന് ഇതേ പരിപാടിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കവെ യുഎഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിലെ ഷെങ്കൻ വിസ മാതൃകയിലായിരിക്കും ജിസിസിയിലെ ഈ പുതിയ വിസ സംവിധാനം.