വിവാദ പ്രസ്താവനയുമായി ഉദയനിധി സ്റ്റാലിന്‍

0
74

സനാതന ധര്‍മ്മ പരമാര്‍ശം ആളിക്കത്തുന്നതിനിടെ പുത്തന്‍ വിവാദത്തിന് തിരികൊളുത്തി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിജെപിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നെയ്‌വേലിയില്‍ നടന്ന, ഡിഎംകെ എംഎല്‍എ സഭാ രാജേന്ദ്രന്റെ വിവാഹ ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. പ്രതിപക്ഷമായ എഐഎഡിഎംകെയെ പാമ്പുകള്‍ക്ക് അഭയം നല്‍കുന്ന ചപ്പുചവറെന്നും ഉദയനിധി പരിഹസിച്ചു.

ലോക്സഭാ എംപിയും ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനോട് ഉപമിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ‘നിങ്ങളുടെ വീട്ടില്‍ ഒരു വിഷപ്പാമ്പ് പ്രവേശിച്ചാല്‍ അതിനെ എടുത്ത് കളഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല, കാരണം അത് വീടിനടുത്തുള്ള ചപ്പുചവറുകളില്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ പാമ്പ് വീണ്ടും വീട്ടിലേക്ക് കയറും’ ഉദയനിധി പറഞ്ഞു.

‘നിലവിലെ സാഹചര്യവുമായി ഇതിനെ ബന്ധപ്പെടുത്തുകയാണെങ്കില്‍, തമിഴ്നാടിനെ നമ്മുടെ വീടായും ബിജെപിയെ വിഷപ്പാമ്പായും വീടിനടുത്തുള്ള ചപ്പുചവറുകളെ എഐഎഡിഎംകെയായും ഞാന്‍ കരുതുന്നു. നിങ്ങള്‍ ചപ്പുചവറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പാമ്പുകളെ അകറ്റി നിര്‍ത്താനാകില്ല. ബിജെപിയില്‍ നിന്നും രക്ഷനേടാന്‍ എഐഎഡിഎംകെയെയും ഇല്ലാതാക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എ രാജ പ്രധാനമന്ത്രി മോദിയെ പാമ്പിനോട് ഉപമിച്ചിരുന്നു. ‘എല്ലാവരും മോദി എന്ന പാമ്പിനെ അടിക്കാന്‍ തയ്യാറാണ്, പക്ഷേ പാമ്പുകടിയ്ക്കുള്ള മറുമരുന്ന് ആരുടെ കൈയ്യിലും ഇല്ല. എല്ലാവരും വടിയുമായി സമീപിക്കുന്നു, പക്ഷേ പാമ്പ് കടിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിന് ആരുടെ കൈയ്യിലും പ്രതിവിധി ഇല്ല’

‘എന്നിരുന്നാലും, പെരിയാര്‍, അണ്ണാ, ഞങ്ങളും മാത്രമേ ഇതിനുളള മറുറുമരുന്ന് ഉണ്ടാക്കുന്നുള്ളൂ. വിഷപ്പാമ്പിനെ നിര്‍വീര്യമാക്കാന്‍ കഴിവുള്ള മറുമരുന്നാണ് ദ്രാവിഡരെന്ന് ഉത്തരേന്ത്യക്കാര്‍ തിരിച്ചറിഞ്ഞു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മ്മ വിവാദത്തെക്കുറിച്ചും ഉദയനിധി സ്റ്റാലിന്‍ സംസാരിച്ചു. തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വംശഹത്യയുടെ ആഹ്വാനമായി ചിത്രീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയും ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് അവകാശപ്പെടുകയും ചെയ്തു. സത്യം പറഞ്ഞാല്‍, ബിജെപി ഭരിക്കുന്ന മണിപ്പൂരിലാണ് കഴിഞ്ഞ അഞ്ച് മാസമായി വംശഹത്യ നടക്കുന്നതെന്നും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും ദയനിധി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here