‘ജയിലറി’ന്റെ രണ്ടാം ഭാഗം ആലോചനയിൽ; സംവിധായകൻ നെൽസൺ.

0
81

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.  ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം രണ്ട് വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത ഒരു ദിവസം പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ജയിലറിന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് നെൽസൺ വ്യക്തമാക്കിയത് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. ‘ജയിലർ രണ്ടി’നെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെൽസൺ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ജയിലർ’ രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ട്.

‘ബീസ്റ്റി’നും ‘ഡോക്ടർ’ക്കും ‘കൊലമാവ് കോകില’ സിനിമയ്ക്കും തുടർച്ചകൾ ഞാൻ ആലോചിക്കുന്നുണ്ട്. വിജയ്‌യെയും രജനികാന്തിനെയും ഒരു ചിത്രത്തിൽ ഒന്നിപ്പിക്കുക എന്ന സ്വപ്‌നം കാണാറുണ്ട് എന്നും ‘ജയിലറി’ന്റെ സംവിധായകൻ നെൽസൺ പറഞ്ഞതായി മനോബാല ട്വീറ്റ് ചെയ്യുന്നു. ജയിലറിന് രണ്ടാം ഭാഗം വന്നാൽ എന്തായാലും വൻ ഹിറ്റാകുമെന്നാണ് രജനി ആരാധകരുടെ പ്രതീക്ഷ.

സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരും അഭിനയിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ജയിലറിനൊപ്പം മോഹൻലാലിന്റെ പേര് തരംഗമാവുകയാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ എൻട്രിക്ക് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.

ആഗസ്റ്റ് 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത നെൽസൺ ദിലീപ്കുമാറിന്റെ ‘ജയിലർ’ എന്ന ചിത്രത്തിൽ രജനീകാന്തിന് പുറമെ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണൻ, തമന്ന, വിനായകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നൽകിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here