കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്ത് 15ാം വാര്‍ഡിലെ ചൈതന്യ തൊഴിലുറപ്പ് സംഘം ഓണത്തെ വരവേല്‍ക്കാൻ ഒരുങ്ങി. ഇത്തവണയും ഓറഞ്ചും മഞ്ഞയും നിറമുള്ള ബന്ദിപ്പൂക്കളൊരുക്കിയാണ് ഓണത്തിനെ വരവേല്‍ക്കുന്നത്.
ക്ഷേത്രക്കുളത്തിന് സമീപം 20 സെന്‍റ് സ്ഥലത്താണ് ബന്ദിപ്പൂക്കള്‍ കണ്ണിന് ഉത്സവവിരുന്നൊരുക്കി വിരിഞ്ഞുനില്‍ക്കുന്നത്. തൊഴിലുറപ്പ് സംഘത്തിലെ തൊഴിലാളികളായ ജലജമ്മ, ബിജി, സൗമ്യ, സുമോള്‍, ബിജി അജയൻ, സതി എന്നിവരാണ് ഉദ്യമത്തിനു പിന്നില്‍.
കഴിഞ്ഞവര്‍ഷവും ഇവര്‍ പൂകൃഷി നടത്തിയിരുന്നു. 15 സെന്റ് സ്ഥലത്താണ് 1000 ബന്ദി തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിചെയ്തത്. പറമ്ബ് വൃത്തിയാക്കാൻ ചെലവുവന്നതോടെ വലിയ ലാഭം കിട്ടിയില്ല. ഒരു കൃഷി കഴിഞ്ഞതിനാല്‍ ഇത്തവണ ആ ചെലവില്ല. കൃഷിഭവന്‍റെയും പഞ്ചായത്തിന്‍റെയും സഹായത്തോടെയാണ് ‘ഓണത്തിന് ഒരുകുട്ട പൂവ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള കൃഷി. പഞ്ചായത്തിന്‍റെ സബ്സിഡിയോടെ 2000 തൈകള്‍ വാങ്ങി നടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ കൃഷി മെച്ചപ്പെട്ടു. നിറയെ പൂക്കളുണ്ട്. നിരവധിപേരാണ് ഇവിടെ പൂക്കള്‍ വാങ്ങാൻ എത്തുന്നത്. കിലോക്ക് 200 രൂപക്കാണ് പൂക്കള്‍ വില്‍ക്കുന്നത്. ഓണമാവുമ്ബോഴേക്കും വില കൂടുമെന്നാണ് പ്രതീക്ഷ. പൂകൃഷി കാണാനും ഫോട്ടോയെടുക്കാനും നിരവധിപേര്‍ വരുന്നുണ്ട്.