പശ്ചിമ ബംഗാളില്‍ നാല് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതേസമയം തങ്ങളെ എതിര്‍പാര്‍ട്ടിക്കാര്‍ ആക്രമിച്ചതായി കോണ്‍ഗ്രസിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും (മാര്‍ക്‌സിസ്റ്റ്) പ്രവര്‍ത്തകര്‍ ആരോപിച്ചു. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം. കനത്ത സുരക്ഷയിലാണ് ശനിയാഴ്ച രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 5.67 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച മുര്‍ഷിദാബാദ് ജില്ലയിലെ കപസ്ദംഗ മേഖലയില്‍ ടിഎംസി പ്രവര്‍ത്തകന്‍ ബാബര്‍ അലി കൊല്ലപ്പെട്ടു. ഇയാളെ ബഹറാംപൂരിലെ ആശുപത്രിയിലും മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച മുര്‍ഷിദാബാദ് ജില്ലയിലെ റെജിനഗറില്‍ ക്രൂഡ് ബോംബ് സ്ഫോടനത്തില്‍ ഒരു ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ജില്ലയിലെ ഖാര്‍ഗ്രാമില്‍ മറ്റൊരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഇതിനിടെ ഈസ്റ്റ് മിഡ്നാപൂരിലെ സോനാച്ചുരയിലെ തൃണമൂല്‍ ബൂത്ത് പ്രസിഡന്റ് ദേവ്കുമാര്‍ റായിയെ ബിജെപി പ്രവര്‍ത്തകന്‍ സുബല്‍ മന്നയും കൂട്ടരും ചേര്‍ന്ന് ആക്രമിച്ചതായി പരാതി ഉയര്‍ന്നു. ജല്‍പായ്ഗുരിയിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു.
നാദിയ ജില്ലയിലെ ഗസ്നയില്‍ ഒരു പ്രകോപനവുമില്ലാതെ ഒരു ടിഎംസി പ്രവര്‍ത്തകനെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രവര്‍ത്തകര്‍ ആക്രമിച്ചു. പ്രതികളായ ബിശ്വനാഥ് ഘോഷ്, ഗൗതം ഘോഷ്, അമിത് ഘോഷ്, ഭരത് ഘോഷ്, ദേബ്കുമാര്‍ ഘോഷ്, ലബ്കുമാര്‍ ഘോഷ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാരായണ്‍പൂര്‍-1 ഗ്രാമപഞ്ചായത്തില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഹസീന സുല്‍ത്താനയുടെ ഭര്‍ത്താവിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തതായി ടിഎംസി ആരോപിച്ചു.