‘ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും’: ഖാർഗെ.

0
81

ഡൽഹിയിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസുകളുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെ പ്രതിരോധിക്കണമോയെന്ന കാര്യത്തിൽ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തില്ലെങ്കിൽ പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കില്ലെന്ന എഎപിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഖാർഗെയുടെ പരാമർശം.

” ഓർഡിനെൻസിനെ ഡതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നത് പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും. പാർലമെന്റ് ആരംഭിക്കുന്നതിന് മുമ്പ്, എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കും. അവർക്ക് (എഎപി) അത് അറിയാം, അവരുടെ നേതാക്കൾ പോലും നമ്മുടെ സർവകക്ഷി യോഗങ്ങളിൽ വരാറുണ്ട്. പുറത്ത് എന്തിനാണ് ഇതിനെക്കുറിച്ച് ഇത്രയധികം പ്രചരണം നടക്കുന്നതെന്ന് എനിക്കറിയില്ല,” ഖാർഗെ പറഞ്ഞു.

“ഏതാണ്ട് 18-20 കക്ഷികൾ ഒന്നിച്ചാണ് എന്ത് എതിർക്കണമെന്നും എന്ത് സ്വീകരിക്കണമെന്നും തീരുമാനിക്കുന്നത്. അതിനാൽ ഇപ്പോൾ എന്തെങ്കിലും പറയുന്നത് അഭികാമ്യമല്ല,” അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാനുള്ള സംയുക്ത തന്ത്രം രൂപീകരിക്കാൻ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ഡൽഹി കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തില്ലെങ്കിൽ എഎപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുമെന്ന് പാർട്ടി വൃത്തങ്ങളിൽ ഒരാൾ പറഞ്ഞു.

കേന്ദ്രസർക്കാർ ഓർഡിനൻസ് പാസ്സാക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ എഎപിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പട്നയിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ, പഞ്ചാബിലെ ഭഗവന്ത് മാൻ, തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിൻ, ജാർഖണ്ഡിലെ ഹേമന്ദ് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ. തുടങ്ങിയവർ പങ്കെടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. പി.ഡി.പി, സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ (എം.എൽ), നാഷണൽ കോൺഫറൻസ് നേതാക്കളും ആദ്യ പ്രതിപക്ഷ ഉന്നതതല യോഗത്തിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here