സൊസൈറ്റിയുടെ ഉപാധ്യക്ഷനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ സാന്നിധ്യത്തിലാണ് പേരുമാറ്റ തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമിതിയുടെ ചെയര്‍മാൻ.
പ്രധാനമന്ത്രി എന്നാല്‍ അതിപ്രധാനമായ ഒരു പദവി ആണെന്നും മഴവില്ലിലെ എല്ലാ നിറങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കുന്ന പോലെ രാജ്യത്തെ 13 പ്രധാനമന്ത്രിമാരുടെയും ഭരണകാലത്തിന്‍റെ അടയാളങ്ങള്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുമെന്നും യോഗം അറിയിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് കമാൻഡര്‍ ഇൻ ചീഫിന്‍റെ വസതിയായിരുന്ന തീൻമൂര്‍ത്തി ഭവനിലാണ് 1947-ല്‍ അധികാരമേറ്റെടുക്കുന്നത് മുതല്‍ 1964-ല്‍ മരണപ്പെടുന്നത് വരെ നെഹ്റു വസിച്ചിരുന്നത്. തുടര്‍ന്ന് 1964 നവംബറില്‍ തീൻമൂര്‍ത്തി ഭവനിനെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
2016-ല്‍ പ്രധാനമന്ത്രി മോദിയാണ് തീൻമൂര്‍ത്തി ഭവനിനെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമുള്ള മ്യൂസിയമാക്കി മാറ്റിയത്. ഈ നടപടിക്കെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.