ന്യൂഡല്‍ഹി : ശസ്ത്രക്രിയ മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് ഇളവ് നല്‍കി കേന്ദ്രം. ഫേസ് ഷീല്‍ഡ്, ശസ്ത്രക്രിയ മാസ്‌കുകള്‍, മെഡിക്കല്‍ ഗോഗിളുകൾ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന മാനദണ്ഡങ്ങള്‍ക്കാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്.
കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ഇവയുടെ കയറ്റുമതിയ്ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധിത വസ്തുക്കളുടെ പട്ടികയില്‍ നിന്നും നിയന്ത്രിത വസ്തുക്കളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ ഈ വസ്തുക്കളെ മാറ്റിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ക്ക് ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഫേസ് ഷീല്‍ഡുകളുടെ കയറ്റുമതി സൗജന്യമാക്കിയിട്ടുണ്ട്. ചില നിബന്ധനങ്ങളോടെ 2/3 പ്ലൈ ശസ്ത്രക്രിയാ മാസ്‌കുകളുടെയും മെഡിക്കല്‍ ഗോഗിളുകളുടെയും കയറ്റുമതിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ക്ഷാമം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്രം കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോളതലത്തില്‍ മാസ്‌കുകള്‍ക്കും ഫേസ് ഷീല്‍ഡുകള്‍ക്കും ആവശ്യം നേരിടുന്ന സാഹചര്യത്തില്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.