സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ആവർത്തിച്ച് എം ശിവശങ്കര്‍. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിർത്താത്തത് എന്‍റെ പിഴ , സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ല — ഇതാണ് എൻഐഎ ഉദ്യോഗസ്ഥരോട് എം ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.
സ്വപ്ന സുരേഷിൽ നിന്ന് 50000 രൂപ എം ശിവശങ്കർ വാങ്ങിയത് കടമോ പ്രത്യുപകാരമോ എന്ന കാര്യത്തിലും എൻഎഐ വിശദാംശങ്ങളാരാഞ്ഞു. സാമ്പത്തിക പ്രയാസം ഉണ്ടായപ്പോൾ പണം കടം വാങ്ങിയത് സത്യമാണ്. അത് കടമായി തന്നെയാണ് കൈപ്പറ്റിയത്. തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കര്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായി കൊച്ചിയിലെത്തിയപ്പോൾ സ്വപ്നയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കം കുടുംബാംഗങ്ങൾ താമസിച്ച അതേ ഹോട്ടലിൽ തന്നെയാണ് ആദ്യ ദിവസ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ താമസിപ്പിച്ചത്. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻഐഎ അധികൃതര്‍ എടുത്ത് നൽകിയ മുറിയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ തന്നെയാണ് എം ശിവശങ്കര്‍ താമസിച്ചത് .
അതേസമയം സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തിൽ ശിവശങ്കറിന്‍റെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്‍റെ ഇടപെടൽ അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.
കൊച്ചിയിൽ തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കഴിയുന്നതോടെ ശിവശങ്കറിന്‍റെ പങ്ക് സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത വരുമെന്ന കണക്ക് കൂട്ടലിലാണ് എൻഐഎ അധികൃതര്‍. മൊഴികളിൽ കണ്ടെത്തിയ പൊരുത്തക്കേടുകൾ ഡിജിറ്റൽ തെളിവുകളുടെ കൂടി സഹായത്തോടെ കുരുക്കഴിച്ചാണ് അന്വേഷണം മുന്നേറുന്നത്.