വിവാദങ്ങൾക്കിടെ കെ ഫോൺ പദ്ധതിക്ക് ഇന്ന് തുടക്കം.

0
66

തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിക്കും. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് സേവനം എന്നതിലുപരി വിപുലമായ വരുമാന മാര്‍ഗ്ഗം കൂടിയാണ് കെഫോണ്‍ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കൾ എത്തിപ്പെടാത്ത ഇടങ്ങളിൽ വരെ വിപുലമായ നെറ്റ് വർക്ക്. അത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളും ഇന്റര്‍നെറ്റ് വലയത്തിൽ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സൗജന്യ കണക്ഷൻ. മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവിൽ സേവനം. വാണിജ്യ കണക്ഷനുകൾ നൽകി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് കേബിളുകളും പാട്ടത്തിന് നൽകും.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ മുന്നോട്ട് വയ്ക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വര്‍ക്കും ഒരുക്കുമെന്നും കെ ഫോൺ പറയുന്നു. സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും ബിസിനസ് മോഡൽ നിര്‍മ്മിച്ചെടുക്കാനും സ്വകാര്യ കമ്പനിയുടെ പങ്കാളിത്തമുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനവും ഇവര്‍ക്കാണ്. 14000 ബിപിഎൽ കുടുംബങ്ങളും 30000 സര്‍ക്കാര്‍ ഓഫീസുകളും സൗജന്യ കണക്ഷൻ പരിധിയിൽ കൊണ്ടുവരികയെന്ന ആദ്യഘട്ട പ്രഖ്യാപനം നിലവിൽ പകുതി മാത്രമെ ലക്ഷ്യം കണ്ടിട്ടുള്ളു എങ്കിലും ജൂൺ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കെ ഫോൺ അവകാശപ്പെടുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ കെഫോണ്‍ മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here