‘എന്റെ വിശ്വാസം എന്റേത് മാത്രം’;സാറ അലി ഖാൻ

0
81

ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി സാറ അലിഖാന് ട്രോളുകളുടെ പെരുമഴയായിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി സാറ രംഗത്തെത്തിയിരിക്കുകയാണ്.

സാറയുടെ ഏറ്റവും പുതിയ ചിത്രമായ സാരാ ഹട്‌കേ സാരാ ബച്ച്‌കേയുടെ പ്രമോഷന്‍ വേദിയില്‍ വെച്ചാണ് ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്. തന്റെ വ്യക്തിപരമായ വിശ്വാസകള്‍ തന്റേത് മാത്രമാണെന്നാണ് സാറ പറഞ്ഞത്.

” എന്റെ ജോലി വളരെ ഗൗരവമായി കാണുന്നയാളാണ് ഞാന്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. എന്റെ ജോലി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് വിഷമമാകും എന്നത് സത്യമാണ്. എന്നാല്‍ എന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്റേത് മാത്രമാണ്. ഇതേ ഭക്തിയോടെ ഞാന്‍ ചിലപ്പോള്‍ അജ്മീര്‍ ഷരീഫിലേക്ക് പോകും. ചിലപ്പോള്‍ മഹാകാലിലും ബംഗ്ലാ സാഹിബിലും പോകും. ഞാന്‍ ഇനിയും ഇതേ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. എനിക്ക് ഒരു കുഴപ്പവുമില്ല,’ സാറ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് സാറ ഉജ്ജയിന്‍ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രത്തിലെത്തിയ ശേഷമുള്ള ചിത്രങ്ങളും സാറ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ജയ് മഹാകാല്‍ എന്ന തലക്കെട്ടോടെയാണ് സാറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

മഹാകാല്‍ ക്ഷേത്ര സന്ദര്‍ശനത്തിന് മുമ്പ് ലക്‌നൗവിലെ ശിവ ക്ഷേത്രവും സാറ സന്ദര്‍ശിച്ചിരുന്നു. വിക്കി കൗശലിനൊപ്പമായിരുന്നു സാറ ലക്‌നൗവിലെ ശിവ ക്ഷേത്രത്തിലെത്തിയത്. കൂടാതെ അജ്മീര്‍ ഷരീഫ് ദര്‍ഗ്ഗയിലും സാറ എത്തിയിരുന്നു. പുതിയ ചിത്രം റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം.

സാരാ ഹട്‌കേ സാരാ ബച്ച്‌കേയാണ് സാറയുടെ ഏറ്റവും പുതിയ ചിത്രം. ലക്ഷ്മണ്‍ ഉഡേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിനേഷ് വിജന്റെ മഡോക് സ്റ്റുഡിയോസ് ആണ്. സാറയും വിക്കി കൗശലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here