മലപ്പുറം: മലപ്പുറം വണ്ടൂരില്‍ എംഡിഎംഎയുമായി ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍. വണ്ടൂര്‍ പുല്ലങ്കോട് ചൂരപിലാൻ വീട്ടില്‍ മുഹമ്മദ് നിഹാല്‍ ( 23) ആണ് പിടിയിലായത്.
ബാംഗ്ലൂരില്‍ ബിഎസ്സിഎംഐടി റേഡിയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിഹാല്‍. പ്രതിയില്‍ നിന്നും 26 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാര്‍ഗ്ഗം വില്‍പ്പനക്കായി എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ ഒരാളാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്ബൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാമിൻ്റെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ എസ്‌ഐ മുസ്തഫ ടി പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ വാണിയമ്ബലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കുറഞ്ഞ വിലക്കു എംഡിഎംഎ വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 3500- 4000 രൂപക്കാണ് വില്‍പ്പന നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വില വരും. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.