പാലക്കാട്: എടത്തനാട്ടുകരയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മൂന്നംഗ ആനക്കൂട്ടം കൃഷിയിടങ്ങളില്‍ ഇറങ്ങിയത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കാട്ടാനകള്‍ ഉപ്പുകുളം കപ്പി മേഖലയിലെത്തുന്നത്. ഒന്ന് മുതല്‍ ഏഴ് വര്‍ഷം വരെ വളര്‍ച്ചയുള്ള കവുങ്ങുകളാണ് കൂടുതലും നശിപ്പിച്ചത്. കൂടാതെ വാഴ, തെങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. മീത്തൊടി അബൂബക്കര്‍, പടിഞ്ഞാറപ്പള്ള സുബൈര്‍, മീത്തൊടി അദീബ് ഫരിഹാന്‍, എം.സി. കുട്ടപ്പന്‍ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. കിളയംപാടം, ചൂളി എന്നീ ജനവാസ കേന്ദ്രങ്ങളിലേക്ക് മലമുകളിലെ ചോലകളില്‍നിന്നും കുടിവെള്ളം എത്തിക്കുന്ന ചെറിയ ഹോസുകളും കൃഷി നനയ്ക്കുന്നതിനുള്ള പൈപ്പുകളും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്.
കൃഷിയിടങ്ങള്‍ക്ക് ചുറ്റും ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച സൗര്‍ജ വേലികളും നശിപ്പിച്ചു. ഇത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്ബ് കാട്ടാനകള്‍ കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. മുമ്ബ് എന്‍.എസ്.എസ്. എസ്റ്റേറ്റിലൂടെയാണ് ആനകള്‍
കൃഷിയിടങ്ങളിലേക്കും ജനവാസ പ്രദേശങ്ങളിലേക്കും വന്നിരുന്നത്. ഇവിടെ സൗരോര്‍ജ വേലിയും കാവലിന് തൊഴിലാളികളെയും
ഏര്‍പ്പെടുത്തിയതിനാല്‍ ഒന്നര വര്‍ഷത്തോളമായി കാട്ടാനകള്‍ ഇറങ്ങിയിരുന്നില്ല. ഞായറാഴ്ച ചൂളി വഴി കുറത്തികുന്നിലൂടെ ഇറങ്ങിയാണ് കാട്ടാനക്കൂട്ടം കപ്പിയിലെത്തിയത്. ഒരു കൊമ്ബനും ഒരു പിടിയാനയും ആനക്കുട്ടിയുമാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്.