വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ (The Kerala Story) യുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി (high court)തള്ളി. പ്രദര്‍ശനം (screening) തുടരാമെന്നും സ്റ്റേയില്ലെന്നും (stay) ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ട്രെയ്ലറില്‍ ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായ ഒന്നും ഇല്ലെന്നു കോടതി വിലയിരുത്തി. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയെന്നാണ് അവകാശവാദം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. സര്‍ഗാത്മക സ്വാതന്ത്ര്യമാണ്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയതാണെന്ന കാര്യവും കോടതി എടുത്തു പറഞ്ഞു.
ദി കേരള സ്റ്റോറി ചരിത്രപരമായ വസ്തുതകളല്ല, കഥ മാത്രമല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ആരാഞ്ഞു. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് കേരള സമൂഹത്തിന് എന്തു സംഭവിക്കാനാണെന്ന് ബെഞ്ച് ചോദിച്ചു. നവംബറിലാണ് ടീസര്‍ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു. പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണത്. കേരള സമൂഹം മതേതരമാണെന്ന് കോടതി പറഞ്ഞു.
ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്ന സിനിമ വന്നിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഒരാളും ഒന്നും പറഞ്ഞില്ല. ഹിന്ദിയിലും മലയാളത്തിലുമൊക്കെ ഇത്തരം സിനിമകള്‍ കണ്ടിട്ടില്ലേയെന്ന് കോടതി ചോദിച്ചു. ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായി എന്താണ് സിനിമയില്‍ ഉള്ളതെന്ന് ജസ്റ്റിസ് നഗരേഷ് ആരാഞ്ഞു. ട്രെയ്ലറില്‍ ഐഎസിന് എതിരായി ആണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു.
അതേസമയം കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ മതംമാറ്റി സിറിയയിലേക്കു കൊണ്ടുപോയെന്ന പരാമര്‍ശമുള്ള ടീസര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നു നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതു കോടതി രേഖപ്പെടുത്തി.
മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശികളായ അഡ്വ. വി.ആര്‍.അനൂപ്, തമന്ന സുല്‍ത്താന, നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണു കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദര്‍ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. സിനിമയിലുള്ളതെല്ലാം യാഥാര്‍ത്യമായ കാര്യങ്ങളാണ് എന്നാണ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ വാദം.