കണ്ണൂർ: കോവിഡ് കാലത്ത് സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദനൻ (68)അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ കുഴഞ്ഞു വീണായിരുന്നു അന്ത്യം.
സമ്പാദ്യത്തിൽ 850 രൂപ മാത്രം സ്വന്തം കാര്യത്തിനായി മാറ്റിവെച്ചായിരുന്നു ജനാർദനൻ ബീഡി തെറുത്ത് സമ്പാദിച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ജനാർദനനെ പ്രകീർത്തിച്ചിരുന്നു.
ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.