മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് പ്രതിപക്ഷം. ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നാണ് പ്രതിപക്ഷ നേതാക്കള്‍ ഈ നടപിടിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
കള്ളനെ കള്ളനെന്ന് വിളിക്കുന്നത് നമ്മുടെ രാജ്യത്ത് കുറ്റമായി മാറിയെന്നാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. കള്ളന്മാരും കൊള്ളക്കാരും ഇപ്പോഴും സ്വതന്ത്രരാണെന്നും രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ നേരിട്ടുള്ള കൊലപാതകമാണ്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സമ്മര്‍ദ്ദത്തിലാണ്. ഇത് ഏകാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമാണ്. ഇനി മുതല്‍ പോരാട്ടത്തിന് ശരിയായ ദിശാബോധം നല്‍കേണ്ടതുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ ജനതാദള്‍ രാജ്യസഭാ എംപി മനോജ് കുമാര്‍ ഝാ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ വിചിത്രവും നിന്ദ്യവുമായ നടപടിയാണെന്ന് വിശേഷിപ്പിച്ചു.’ജനാധിപത്യം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു…ആര്‍ഐപി’ ആര്‍ജെഡി നേതാവ് പറഞ്ഞു.
സിപിഎം നേതാവ് സീതാറം യെച്ചൂരിയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയത് ‘ഇഡി/സിബിഐ എന്നിവയുടെ പ്രതിപക്ഷത്തിനെതിരെയുളള കടുത്ത ദുരുപയോഗമാണ്. ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുക്കുകയും പരാജയപ്പെടുത്തുകയും വേണമെന്നും അദ്ദേഹം കുറിച്ചു.
2019 ലെ മാനനഷ്ടക്കേസില്‍ വയനാട് എംപിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയായിരുന്നു.