വാരണാസി: രാജ്യത്തെ ആദ്യ പൊതുഗതാഗത റോപ്പ്‌വേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയില്‍ തറക്കല്ലിട്ടു. 645 കോടി രൂപ ചെലവിട്ടാണ് റോപ്പ്‌വേ നിര്‍മ്മിക്കുന്നത്.
സമ്ബൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ 1,780 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
3.75 കിലോമീറ്റര്‍ അകലത്തിലുള്ള വാരണാസി കാന്റ് സ്റ്റേഷനും ഗോഡോവ്‌ലിയ റോപ്‌വേയ്ക്കുമിടയില്‍ അഞ്ച് സ്റ്റേഷനുകള്‍ ഉണ്ടാകും. വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും വാരണാസിയിലെ താമസക്കാര്‍ക്കും സഞ്ചാരം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍, കാശിയിലെ കാന്റില്‍ നിന്ന് ഗോഡോവ്ലിയ വരെയാകും ഇത് പ്രവര്‍ത്തിക്കുക. തുടര്‍ന്ന് ഇത് കാശി വിശ്വനാഥ ക്ഷേത്രം, ദശാശ്വമേധ് ഘട്ട് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
വാരണാസി റോപ്പ്‌വേ പദ്ധതിയുടെ സവിശേഷതകള്‍
1. പര്‍വത്‌മാല പരിയോജനയ്ക്ക് കീഴിലുള്ള ആദ്യത്തെ നഗര റോപ്പ്‌വേ പദ്ധതി.
2. ഒരു യാത്രയില്‍ 3000 പേര്‍ക്ക് സഞ്ചരിക്കാനാവും.
3. 10 യാത്രക്കാരെ വീതം വഹിക്കുന്ന 153 കാബിനുകള്‍.
4. ദിവസത്തില്‍ 16 മണിക്കൂര്‍ പ്രവര്‍ത്തിക്കും.
5. കാന്റ് സ്റ്റേഷനില്‍ നിന്ന് ഗുഡൗലിയയിലേക്കെത്താന്‍ ഇപ്പോള്‍ കുറഞ്ഞത് 45 മിനിട്ടെങ്കിലും എടുക്കും. എന്നാല്‍ റോപ്പ്‌വേ വന്നുകഴിഞ്ഞാല്‍ വെറും 16 മിനിട്ടില്‍ ഇവിടെ എത്താന്‍ കഴിയും.