ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജഡ്ജിമാരുടെ പേരുവിവരങ്ങൾ തടഞ്ഞുവയ്ക്കുന്നത് ഉദ്യോഗാർത്ഥികളുടെ സീനിയോറിറ്റിയെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കൊളീജിയം ജഡ്ജിമാരുടെ നിയമനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് നാല് ജില്ലാ ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്തു.
ആർ ശക്തിവേൽ, പി ധനബാൽ, ചിന്നസാമി കുമരപ്പൻ, കെ രാജശേഖർ എന്നിവരുടെ പേരുകളാണ് സുപ്രീം കോടതി ശുപാർശ ചെയ്തത്. മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യറിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ യോഗ്യതയും ഹൈകോടതിയിലേക്ക് ഉയർത്താനുള്ള യോഗ്യതയും കണ്ടെത്തുന്നതിന് കൊളീജിയം മുൻപരിചയമുള്ള സുപ്രീം കോടതി ജഡ്ജിമാരുമായി കൂടിയാലോചിച്ചിട്ടുള്ളതായി പ്രമേയത്തിൽ പറയുന്നു. ജഡ്ജിമാരുടെ പേരുകൾ തടഞ്ഞുവയ്ക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് ജഡ്ജിമാരുടെ സീനിയോറിറ്റിയെ തടസ്സപ്പെടുത്തുന്നു എന്ന് അഭിപ്രായപ്പെട്ട കോടതി മുടങ്ങിക്കിടക്കുന്ന നിയമനങ്ങളിൽ എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രത്തോട് നിർദേശിക്കുകയും ചെയ്തു.