പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാമതെത്തിയത്. മത്സരത്തിൽ ഗ്രീസിന്റെ മില്‍ത്തിയാദിസ് തെന്റഗ്ലൂവാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്.
8.13 മീറ്ററാണ് മില്‍ത്തിയാദിസ് തെന്റഗ്ലൂ ചാടിയത്. സ്വിറ്റസര്‍ലന്‍ഡിന്റെ സൈമണ്‍ ഇഹാമർ രണ്ടാമതെത്തി. വികാസ് ഗൗഡയ്ക്കും നീരജ് ചോപ്രയ്ക്കും ശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍.
മൂന്നാമത്തെ ശ്രമത്തില്‍ 8.09 മീറ്റര്‍ ചാടിയതോടെ ശ്രീശങ്കര്‍ രണ്ടാമത് എത്തിയിരുന്നു. എന്നാല്‍ നാലാമത്തെ ശ്രമം ഫൗളായി. ഈ ശ്രമത്തില്‍ സൈമണ്‍ ഇഹാമര്‍ 8.11 മീറ്റര്‍ ചാടുകയും ചെയ്‌തു. പാരിസിൽ മത്സരിച്ച എക ഇന്ത്യൻ താരമാണ് ശ്രീശങ്കർ.