കൊടിയ ദാരിദ്ര്യത്തിൽ കുടുംബം ;ആ​ഗ്രയിൽ പട്ടിണി മൂലം അഞ്ചുവയസ്സുകാരി മരിച്ചു

0
114

ആ​ഗ്ര: ആ​ഗ്രയിൽ പട്ടിണി മൂലം അഞ്ചുവയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. ആ​ഗ്രയിലെ ബറൗലി അഹീർ ബ്ലോക്കിലെ നാ​ഗലവിധി ചന്ദ് ​ഗ്രാമത്തിൽ സോണിയ എന്ന അഞ്ചുവയസ്സുകാരിക്കാണ് ദാരുണാന്ത്യം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. താൻ ദിവസ വേതന തൊഴിലാളിയാണെന്നും ഭർത്താവിന് ശ്വാസകോശ സംബന്ധിയായ അസുഖമുള്ളതിനാൽ ജോലിക്ക് പോകാൻ സാധിക്കില്ലെന്നും പെൺകുട്ടിയുടെ അമ്മ ഷീലാ ദേവി പറയുന്നു. 15 ദിവസത്തോളം അയൽവാസികളാണ് ഇവരെ സഹായിച്ചിരുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

എന്നാൻ സഹായം തുടർന്ന് നൽകാൻ‌ അയൽക്കാർക്ക് സാ​ധിച്ചില്ല. ഇതോടെ ഒരാഴ്ചയോളം ഇവരുടെ വീട്ടിൽ മുഴുപട്ടിണിയായിരുന്നു. അതിനെ തുടർന്നാണ് പെൺകുട്ടിക്ക് പനി ബാധിച്ചത്. മരുന്നോ ഭക്ഷണമോ വാങ്ങാൻ തന്റെ കയ്യിൽ പണമില്ലായിരുന്നുവെന്നും മകളെ രക്ഷിക്കാൻ സാധിച്ചില്ലെന്നും ഷീലാ ദേവി പറയുന്നു. റേഷൻ കാർഡ് ഇല്ലാത്തത് കൊണ്ട് റേഷൻ പോലും വാങ്ങാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, 7000 രൂപ ബില്ലടക്കാത്തതിനെ തുടർന്ന് ഇവരുടെ വൈദ്യുതിയും വിച്ഛേദിച്ചിരുന്നതായി കുടുംബം പറയുന്നു.

നാല് വർഷം മുമ്പ് എട്ടുവയസ്സുകാരനായ മകനും പട്ടിണി മൂലമാണ് മരിച്ചതെന്ന് ഷീലാദേവി പറഞ്ഞു. പെൺകുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ സിം​ഗ് തഹസീൽദാർ സദാർ പ്രേം പാലിനോട് ആവശ്യപ്പെട്ടു.

എന്നാൽ പട്ടിണി മൂലമല്ല, പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ആ​ഗ്ര ഭരണകൂടം പറയുന്നു. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് ഇപ്പോൾ 100 കിലോ​ഗ്രാം റേഷൻ ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here